ഓട്ടവ : സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് ഓർഗാനിക് ട്രഡീഷൻസ് ബ്രാൻഡ് ജംബോ മത്തങ്ങ വിത്തുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഈ ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
കാനഡയിലുടനീളം വിറ്റഴിച്ച 227 ഗ്രാം, 454 ഗ്രാം എന്നീ രണ്ട് പാക്കേജുകളിലുള്ള മത്തങ്ങ വിത്തുകളാണ് തിരിച്ചുവിളിച്ചത്. നിലവിൽ കാനഡയിൽ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരിച്ചുവിളിച്ച വിത്തുകൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപഭോക്താക്കൾ അവ നശിപ്പിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം. സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയ ഭക്ഷണം കേടായി കാണപ്പെടുകയോ ചീഞ്ഞ മണം ഉണ്ടാവുകയോ ഇല്ല. പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സാൽമൊണെല്ല അണുബാധ പനി, ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗുരുതരമായ ആരോഗ്യസ്ഥിതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ബാധിച്ച ഉൽപ്പന്നങ്ങൾ
ഓർഗാനിക് ട്രഡീഷൻസ് ജംബോ മത്തങ്ങ വിത്തുകൾ (227 ഗ്രാം)
UPC: 6 27733 00175 5
ലോട്ട് കോഡുകൾ: L250212160, L250319170
ഓർഗാനിക് ട്രഡീഷൻസ് ജംബോ മത്തങ്ങ വിത്തുകൾ (454 ഗ്രാം)
UPC: 6 27733 00180 9
ലോട്ട് കോഡ്: L250319171