വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ വരവായി. സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചത്.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുത്ത 133 കർദിനാൾമാരിൽ കുറഞ്ഞത് 89 വോട്ടുകളെങ്കിലും വിജയി നേടിയെന്നാണ് ഇതിനർത്ഥം. എന്നാൽ, കർദിനാൾമാരിൽ ആരാണു മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ലോഗ്ഗിയയിൽ നിന്ന് ഒരു ഉന്നത കർദിനാൾ “ഹാബെമസ് പാപ്പം!” എന്ന ലാറ്റിൻ പദം ഉച്ചരിച്ച ശേഷം പുതിയ പാപ്പയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. തുടർന്ന് കർദിനാൾ വിജയിയുടെ ജനനനാമം ലാറ്റിനിൽ വായിക്കുകയും വിളിക്കാൻ തിരഞ്ഞെടുത്ത പേര് വെളിപ്പെടുത്തുകയും ചെയ്യും. തുടർന്ന് പുതിയ പോപ്പ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും അതേ ലോഗ്ഗിയയിൽ നിന്ന് അനുഗ്രഹം നൽകുകയും ചെയ്യും.