ഓട്ടവ : നിറങ്ങളുടെ അപൂർവ ഉത്സവമൊരുക്കി ആയിരക്കണക്കിന് ട്യൂലിപ് പുഷ്പങ്ങള്‍ വിരിഞ്ഞുനിൽക്കുന്ന മാസ്മരിക ഭൂമിയായി രാജ്യതലസ്ഥാനം. വര്‍ണ മനോഹരമായ കാഴ്ചവസന്തമൊരുക്കി ഓട്ടവയിൽ ട്യൂലിപ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവൽ മെയ് 19 വരെ നീണ്ടുനിൽക്കും. മേജേഴ്‌സ് ഹിൽ പാർക്കിനൊപ്പം, കോൺഫെഡറേഷൻ ബൊളിവാർഡിനടുത്തും, നാഷണൽ വാർ മെമ്മോറിയലിന് സമീപവും ചില പ്രധാന സ്ഥലങ്ങളിൽ ആളുകൾക്ക് ട്യൂലിപ് പുഷ്പങ്ങളുടെ വിസ്മയിപ്പിക്കുന്ന ലോകം കാണാൻ സാധിക്കും.

രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ പ്രതീകമായി നെതർലാൻഡ്‌സ് കാനഡയ്ക്ക് നല്‍കിയ സമ്മാനമാണ് ട്യൂലിപ് പുഷ്പങ്ങള്‍. ചരിത്രപരമായ ഈ രാജകീയ സമ്മാനത്തിന്‍റെ ഓര്‍മക്കായാണ് കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ ആരംഭിച്ചത്. 1953 മുതല്‍ എല്ലാ വര്‍ഷവും ട്യൂലിപ് ഫെസ്റ്റിവല്‍ കാനഡയില്‍ നടക്കുന്നുണ്ട്. ലോകപ്രശസ്ത ഫോട്ടോഗ്രാഫർ മലക് കാർഷിന്‍റെ നിർദ്ദേശപ്രകാരമാണ് ആദ്യത്തെ കനേഡിയൻ ട്യൂലിപ് ഫെസ്റ്റിവൽ നടന്നത്. ട്യൂലിപ് വസന്തകാലത്ത് അരങ്ങേറുന്ന ഈ ഉത്സവം കാണാന്‍ ലോകമെങ്ങു നിന്നുമുള്ള സഞ്ചാരികള്‍ എത്തുന്നു.

പൂക്കൾ വിരിഞ്ഞു തുടങ്ങിയതോടെ പ്രെസ്റ്റൺ സ്ട്രീറ്റിൽ നിന്ന് ടോറിംഗ്ടൺ പ്ലേസിലേക്കുള്ള ക്വീൻ എലിസബത്ത് ഡ്രൈവിലേക്ക് കാൽനടയാത്രക്കാർക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. കൂടാതെ, മെയ് 18 ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഹോഗ്സ് ബാക്കിൽ താൽക്കാലികമായി റോഡ് അടയ്ക്കും. ഒപ്പം വെടിക്കെട്ടിനായി ഹോഗ്സ് ബാക്ക് റോഡും താൽക്കാലികമായി അടച്ചിടും.