ടൊറൻ്റോ : സ്കാർബ്റോ ഹൈസ്കൂളിന് സമീപമുള്ള പ്ലാസയിൽ രണ്ട് വിദ്യാർത്ഥികൾക്ക് കുത്തേറ്റതായി ടൊറൻ്റോ പൊലീസ്. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കിങ്സ്റ്റൺ റോഡിനടുത്തുള്ള ലിവിങ്സ്റ്റൺ റോഡിലെ ഗിൽഡ്‌വുഡ് പാർക്ക്‌വേയിലാണ് സംഭവം. അതേസമയം പത്തോളം കുട്ടികൾ ഉൾപ്പെട്ട വഴക്ക് നടന്നതായി ആ പ്രദേശത്ത് ജോലി ചെയ്യുന്ന ഒരാൾ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന സർ വിൽഫ്രഡ് ലോറിയർ കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റതെന്ന് കരുതുന്നു. എന്നാൽ, ഇരുവർക്കും കുത്തേറ്റത് സ്കൂൾ പരിസരത്ത് അല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 15-ഉം 16-ഉം വയസ്സുള്ള രണ്ടു വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. നിസ്സാര പരുക്കേറ്റ ഇരുവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം കറുത്ത വസ്ത്രം ധരിച്ച ഒന്നിലധികം പ്രതികൾ പ്രദേശത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികൾ കൗമാരക്കാരാണെന്നും അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കായി സജീവമായി തിരച്ചിൽ നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. അന്വേഷണം തുടരുന്നു.