ഹാലിഫാക്സ് : നോവസ്കോഷ ഫാൽമൗത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ഹാന്റസ്പോർട്ടിനും ഫാൽമൗത്തിനും ഇടയിലുള്ള ഹൈവേ 101-ൽ ഹോണ്ട സിവിക്കും നിസ്സാൻ സെൻട്രയും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ ഹോണ്ട സിവിക് കാറിലെ ഡ്രൈവർ 43 വയസ്സുള്ളയാളും യാത്രക്കാരിയായ 45 വയസ്സുള്ള സ്ത്രീയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. നിസ്സാൻ സെൻട്രയിലെ ഡ്രൈവർ ഓക്സ്ഫോർഡിൽ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയും യാത്രക്കാരൻ നപ്പനിൽ നിന്നുള്ള 58 വയസ്സുള്ള പുരുഷനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, ഓക്സ്ഫോർഡിൽ നിന്നുള്ള 50 വയസ്സുള്ള ഒരു യാത്രക്കാരൻ പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ നിന്നുള്ള 29 വയസ്സുള്ള യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അന്വേഷണത്തെ തുടർന്ന് ഏകദേശം 10 മണിക്കൂറോളം ഹൈവേ അടച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന് ദൃക്സാക്ഷികളോ ഡാഷ്ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ, വെസ്റ്റ് ഹാന്റസ് ഡിറ്റാച്ച്മെൻ്റിനെ 902-798-2207 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.