എഡ്മിന്റൻ : വ്യാവസായിക കാർബൺ വില ടണ്ണിന് 95 ഡോളറായി നിജപ്പെടുത്തി ആൽബർട്ട സർക്കാർ. വ്യാവസായിക കാർബൺ വില വർധന അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചതായി പ്രീമിയർ ഡാനിയേൽ സ്മിത്ത് അറിയിച്ചു. പ്രവിശ്യയിൽ വ്യാവസായിക കാർബൺ വില 2026-ൽ ടണ്ണിന് 110 ഡോളറായി ഉയർത്താനും 2030 ഓടെ ടണ്ണിന് 170 ഡോളറായി വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, അനിശ്ചിതകാലത്തേക്ക് വ്യാവസായിക കാർബൺ വില ടണ്ണിന് 95 ഡോളറായി നിലനിർത്തുമെന്നും പ്രീമിയർ വ്യക്തമാക്കി.

അമേരിക്കയുമായുള്ള താരിഫ് പോരാട്ടം കാനഡ തുടരുമ്പോൾ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന് ഈ നീക്കം നിർണായകമാണെന്ന് പരിസ്ഥിതി മന്ത്രി റെബേക്ക ഷുൾസ് പറഞ്ഞു. ഈ നടപടിയിലൂടെ എണ്ണ, വാതകം, വൈദ്യുതി, ഉൽപ്പാദനം തുടങ്ങിയ നിർണായക മേഖലകൾക്ക് ഉറപ്പും സാമ്പത്തിക ആശ്വാസവും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.