വൻകൂവർ : രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണം അസംതൃപ്തരായ യുഎസ് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രവിശ്യയിലേക്ക് ആകർഷിക്കാൻ പദ്ധതിക്ക് തുടക്കമിട്ട് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. പ്രവിശ്യയിലുടനീളമുള്ള ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്‌മെൻ്റ് കാമ്പെയ്‌ൻ ആരംഭിക്കുന്നതെന്ന് പ്രീമിയർ ഡേവിഡ് എബിയും ആരോഗ്യ മന്ത്രി ജോസി ഓസ്‌ബോണും അറിയിച്ചു. കാനഡയിലേക്ക് മാറാൻ താൽപ്പര്യമുള്ള വിദഗ്ധ ആരോഗ്യപ്രവർത്തകരെ ആകർഷിക്കുന്നതിനുള്ള ഒരു അവസരമാണിതെന്ന് ജോസി ഓസ്‌ബോൺ പറയുന്നു.

യുഎസിൽ പരിശീലനം ലഭിച്ച ഡോക്ടർമാർക്ക് പരിശോധന കൂടാതെ പ്രവിശ്യയിൽ ലൈസൻസ് നേടുന്നതിന് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ബിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതോടെ അമേരിക്കൻ ഡോക്ടർമാർക്ക് പ്രവിശ്യയിൽ പ്രാക്ടീസ് ആരംഭിക്കാൻ എടുക്കുന്ന സമയം അഞ്ച് മുതൽ എട്ട് മാസം വരെ എന്നതിൽ നിന്ന് ആറ് ആഴ്ചയായി കുറയും. കൂടാതെ രജിസ്റ്റേർഡ് നഴ്‌സുമാർക്ക് ജോലി ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതിനായി കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് ബിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്, മന്ത്രി പറഞ്ഞു.

യുഎസിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും എണ്ണം വർധിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ പദ്ധതിയുമായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഇവരിൽ കൂടുതൽ പേരും കാനഡയിലേക്കാണ് കുടിയേറുന്നത്. രാജ്യത്ത് ഫാമിലി ഫിസിഷ്യൻമാരുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കാനഡയിലെ പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും.
