സെൻ്റ് ജോൺസ് : ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി 12 വോട്ടിന് വിജയിച്ച റൂറൽ ന്യൂഫിൻലൻഡ് റൈഡിങ്ങിൽ ജുഡീഷ്യൽ റീകൗണ്ടിങ് പുരോഗമിക്കുന്നു. സെൻട്രൽ ന്യൂഫിൻലൻഡിലെ ടെറ നോവ പെനിൻസുലസ് റൈഡിങ്ങിലാണ് വീണ്ടും വോട്ടെണ്ണൽ നടക്കുന്നത്. കഴിഞ്ഞ മാസത്തെ ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ഷൻസ് കാനഡ റീ കൗണ്ടിങ്ങിന് ഉത്തരവിട്ട നാല് റൈഡിങ്ങുകളിൽ ഒന്നാണിത്. വിജയ ഭൂരിപക്ഷം റൈഡിങ്ങിൽ രേഖപ്പെടുത്തിയ സാധുവായ വോട്ടുകളുടെ ആയിരത്തിലൊന്നിൽ കുറവായാൽ സ്വയമേവ റീകൗണ്ടിങ് നടത്തും. അതേസമയം ടെറ നോവ പെനിൻസുലസ് റൈഡിങ്ങിലെ ഫലം അറിയാൻ ഒന്നോ രണ്ടോ ദിവസം എടുത്തേക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു.

ഒൻ്റാരിയോ വിൻസർ-ടെകംസെ-ലേക്ക്ഷോർ റൈഡിങ്ങിൽ കഴിഞ്ഞ ആഴ്ച സുപ്പീരിയർ കോടതി ജഡ്ജി ഒരു പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഈ റൈഡിങ്ങിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി കാത്തി ബോറെല്ലിയോട് 77 വോട്ടുകൾക്ക് പരാജയപ്പെട്ട ലിബറൽ ഇറെക് കുസ്മിയേഴ്സിക്ക് ജുഡീഷ്യൽ റീകൗണ്ടിനായി അപേക്ഷ നൽകിയിരുന്നു. ലിബറൽ പാർട്ടി വെറും 29 വോട്ടുകൾക്ക് വിജയിച്ച മിൽട്ടൺ ഈസ്റ്റ്-ഹാൾട്ടൺ ഹിൽസ് സൗത്തിലും റീകൗണ്ട് നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ മെയ് 13-ന് വീണ്ടും വോട്ടെണ്ണും.

ശനിയാഴ്ച, കെബെക്കിലെ ടെറെബോൺ റൈഡിങ്ങിൽ നടന്ന റീ കൗണ്ടിങ്ങിൽ ഒരു വോട്ടിന് ലിബറൽ പാർട്ടി വിജയിച്ചിരുന്നു. ഇതോടെ ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷ സർക്കാരിന് ആവശ്യമായ 172 സീറ്റുകളിൽ രണ്ടെണ്ണം മാത്രം കുറവായ ലിബറൽ പാർട്ടിക്ക് ഇപ്പോൾ 170 സീറ്റുകളുണ്ട്.