Monday, August 18, 2025

കാനഡയെ നയിക്കാൻ കാർണി: മുൻമന്ത്രിമാരും പുതുമുഖങ്ങളും അണിനിരക്കുന്ന മന്ത്രിസഭ

ഓട്ടവ : മുൻമന്ത്രിമാരെയും പുതുമുഖങ്ങളെയും അണിനിരത്തി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ ലിബറൽ മന്ത്രിസഭ അധികാരത്തിലേറി. റീഡോ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻഗാമിയായ ട്രൂഡോ പാത പിന്തുടർന്ന് ലിംഗസമത്വം ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധനായ കാർണി മന്ത്രിസഭയിൽ 14 പുരുഷന്മാരും 14 സ്ത്രീകളും ഉൾപ്പെടുന്നു.

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ, ഡൊമിനിക് ലെബ്ലാ, മെലനി ജോളി, സ്റ്റീവൻ ഗിൽബോൾട്ട്, ക്രിസ്റ്റിയ ഫ്രീലാൻഡ്, അനിത ആനന്ദ്, സ്റ്റീവൻ മക് കിനോൺ, ഷോൺ ഫ്രേസർ എന്നിവർ മാർക്ക് കാർണി മന്ത്രിസഭയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവർക്കൊപ്പം രണ്ട് ഡസനിലധികം പുതുമുഖങ്ങളും മന്ത്രിസഭയിൽ ഇടംനേടി. മുൻ വൻകൂവർ മേയർ ഗ്രിഗർ റോബർട്ട്‌സൺ, നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ റെബേക്ക ആൾട്ടി, മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ റൈഡിങ് പാപ്പിനോയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാർജോറി മൈക്കൽ, ബാങ്ക് ഓഫ് കാനഡ മുൻ പ്രത്യേക ഉപദേഷ്ടാവും ഗോൾഡ്മാൻ സാച്ച്‌സ് സിഇഒ-യുമായ ടിം ഹോഡ്‌സൺ എന്നിവരും അവരിൽ ഉൾപ്പെടുന്നു. മുൻ ബ്രോഡ്‌കാസ്റ്റർ ഇവാൻ സോളമൻ, അഭിഭാഷകയും ആൽബർട്ടയിലെ ലിബറലുകളുടെ രണ്ട് എംപിമാരിൽ ഒരാളുമായ എലീനർ ഓൾസെവ്‌സ്‌കി, എക്കോൾ പോളിടെക്‌നിക് കൂട്ട വെടിവയ്പ്പിൽ നിന്ന് രക്ഷപ്പെട്ട എഞ്ചിനീയർ നതാലി പ്രൊവോസ്റ്റ് എന്നിവരും മന്ത്രിസഭയിൽ ചേർന്നിട്ടുണ്ട്.

ജനുവരിയിൽ ട്രൂഡോ സ്ഥാനമൊഴിയുമ്പോൾ 39 പേരുടെ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ട്രൂഡോയ്ക്ക് പകരം ലിബറൽ നേതൃത്വത്തിൽ എത്തിയ മാർക്ക് കാർണിയുടെ കെയർടേക്കർ മന്ത്രിസഭയിൽ 24 പേരായിരുന്നു ഉണ്ടായിരുന്നത്. കാർണിയുടെ പുതിയ മന്ത്രിസഭയിൽ മാർച്ച് മധ്യത്തിൽ കാബിനറ്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മൂന്ന് എംപിമാരായ ഏരിയൽ കയാബാഗ, കോഡി ബ്ലോയിസ്, അലി എഹ്സാസി എന്നിവർക്ക് സ്ഥാനം ലഭിച്ചിട്ടില്ല. കൂടാതെ ഡിസംബർ അവസാനത്തിൽ ട്രൂഡോ തന്‍റെ മന്ത്രിസഭാ മാറ്റത്തിനിടെ കൊണ്ടുവന്ന ടെറി ഡുഗിഡ്, നേറ്റ് എർസ്കിൻ-സ്മിത്ത്, റേച്ചൽ ബെൻഡയാൻ, എലിസബത്ത് ബ്രിയർ എന്നിവരും കാർണിയുടെ പട്ടികയിൽ ഇല്ല.

ദീർഘകാലമായി ട്രൂഡോ മന്ത്രിസഭയിൽ അംഗമായിരുന്ന രണ്ട് പേർ കാർണിയുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. 2019 മുതൽ 2021 വരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിയായും 2021 വരെ ഊർജ്ജ, പ്രകൃതിവിഭവ മന്ത്രിയായും സേവനമനുഷ്ഠിച്ച ജോനഥൻ വിൽക്കിൻസൺ, മുൻ ടൊറൻ്റോ പൊലീസ് സർവീസ് മേധാവിയും 2018 മുതൽ കാബിനറ്റ് മന്ത്രിയുമായ ബിൽ ബ്ലെയർ എന്നിവരാണ് കാർണി മന്ത്രിസഭയിൽ ഇടംനേടാത്ത പ്രമുഖർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!