ഓട്ടവ : കാനഡയിൽ രാജ്യാന്തര വിദ്യാർത്ഥികളുടെ അഭയാർത്ഥി അപേക്ഷകളിൽ അഭൂതപൂർവമായ വർധന ഉണ്ടായതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). 2024-ൽ 20,245 വിദേശ വിദ്യാർത്ഥികളാണ് അഭയാർത്ഥി അപേക്ഷകൾ സമർപ്പിച്ചത്. എന്നാൽ ഈ വർഷം അഭയാർത്ഥി അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കുമെന്നും ഐആർസിസി ഡാറ്റ സൂചിപ്പിക്കുന്നു. അതേസമയം ഫെഡറൽ ഗവൺമെൻ്റ് സ്ഥിര താമസത്തിനുള്ള വഴികൾ നിയന്ത്രിക്കുന്നതിനാൽ, ഈ പ്രവണത കൂടുതൽ രൂക്ഷമാകുമെന്നും ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിവയിൽ സമ്മർദ്ദം ചെലുത്തുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിട്ടും അഭയാർത്ഥി അപേക്ഷകൾ വർധിച്ചു വരുകയാണ്. 2025-ലെ ആദ്യ മൂന്ന് മാസങ്ങളിൽ, 5,500 അഭയാർത്ഥി അപേക്ഷകൾ ലഭിച്ചതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22% കൂടുതലാണിത്. 2023-നെ അപേക്ഷിച്ച് 2024-ൽ ലഭിച്ച അഭയാർത്ഥി അപേക്ഷകൾ ഇരട്ടിയായി. കൂടാതെ 2019-നെ അപേക്ഷിച്ച് ആറിരട്ടി കൂടുതലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.