ഓട്ടവ : ജൂലൈ 1 മുതൽ ആദായനികുതി ഇളവ് പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ഫെഡറൽ വരുമാന നികുതി അടയ്ക്കുന്ന രണ്ടു കോടിയിലധികം കനേഡിയൻ പൗരന്മാർക്ക് നികുതി ഇളവ് ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 26-ന് പാർലമെൻ്റ് വീണ്ടും ചേരുമ്പോൾ ലിബറൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ നികുതി ഇളവ് അവതരിപ്പിക്കുന്നതിനായി പ്രമേയം കൊണ്ടുവരുമെന്ന് ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ അറിയിച്ചു.

ചില കനേഡിയൻ പൗരന്മാരുടെ വ്യക്തിഗത ആദായ നികുതി നിരക്ക് ഒരു ശതമാനം കുറയ്ക്കുമെന്ന് കാർണി വാഗ്ദാനം ചെയ്തിരുന്നു. ഇതിലൂടെ കുടുംബങ്ങൾക്ക് പ്രതിവർഷം 840 ഡോളർ വരെ ലാഭിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നികുതി ഇളവ് പ്രാബല്യത്തിൽ വരുത്തുന്നതിന് കാർണിയുടെ ന്യൂനപക്ഷ സർക്കാരിന് പ്രതിപക്ഷപാർട്ടികളുടെ പിന്തുണ ആവിശ്യമാണ്. പാർലമെൻ്റ് നികുതി ഇളവ് അംഗീകരിക്കേണ്ടിവരുമെന്നും ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകൾ കുറവുള്ള തന്‍റെ സർക്കാരിന് അത് ലഭിക്കുന്നതിന് രണ്ട് അധിക വോട്ടുകൾ കണ്ടെത്തേണ്ടിവരുമെന്നും കാർണി ചൊവ്വാഴ്ച പറഞ്ഞു.

അതേസമയം പാർലമെൻ്റ് വീണ്ടും ചേരുമ്പോൾ ലിബറൽ സർക്കാർ ബജറ്റ് അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ പറഞ്ഞു. പകരം ഹൗസ് ഓഫ് കോമൺസിൽ സർക്കാരിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക പദ്ധതികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.