ഓട്ടവ : കാനഡ വീണ്ടുമൊരു പോസ്റ്റൽ സമരത്തിലേക്ക് നീങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കാനഡ പോസ്റ്റിന് തിരിച്ചടിയായി ജീവനക്കാർ പണിമുടക്ക് ആരംഭിക്കുന്നു. ഏകദേശം 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്ന് പണിമുടക്ക് നോട്ടീസ് ലഭിച്ചതായി കാനഡ പോസ്റ്റ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മുതൽ പോസ്റ്റൽ ജീവനക്കാർ പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ അറിയിച്ചതായും ക്രൗൺ കോർപ്പറേഷൻ പറയുന്നു.

സാധാരണയായി പ്രതിവർഷം ഇരുനൂറ് കോടിയിലധികം കത്തുകളും ഏകദേശം 30 കോടിയിലധികം പാഴ്സലുകളും വിതരണം ചെയ്യുന്ന കാനഡ പോസ്റ്റ് ജീവനക്കാരുടെ പണിമുടക്ക് ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാരെയും വ്യപാരസ്ഥാപനങ്ങളെയും ബാധിക്കും. കൂടാതെ പണിമുടക്ക് കമ്പനിയുടെ ഗുരുതരമായ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഇരുപക്ഷവും ഒരു കരാർ ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാനഡ പോസ്റ്റ് പറയുന്നു.
മെയ് 22-ന് ഇരുപക്ഷവും തമ്മിലുള്ള കരാറുകൾ അവസാനിക്കാനിരിക്കെയാണ് ഏറ്റവും പുതിയ സംഭവവികാസം. കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച കാനഡ പോസ്റ്റിന്‍റെ ഒരു മാസം നീണ്ടുനിന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള തപാൽ വിതരണം നിർത്തിവെക്കുന്നതിന് കാരണമായി. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബറിൽ ഫെഡറൽ തൊഴിൽ മന്ത്രി ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിശോധിക്കാനും അത് പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷനെ നിയമിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ കരാറുകൾ മെയ് 22 വരെ നീട്ടുകയും ചെയ്തിരുന്നു.

അതേസമയം വേതന വർധന, ആരോഗ്യ-സുരക്ഷാ സംരക്ഷണങ്ങൾ, തൊഴിൽ സുരക്ഷ, അന്തസ്സോടെ വിരമിക്കാനുള്ള അവകാശം എന്നിവ നൽകുന്ന കൂട്ടായ കരാറുകൾ നേടുകയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്‌സൺ പറഞ്ഞു.