ഓട്ടവ : അടുത്ത വസന്തകാലത്ത് പാർട്ടി ലീഡറും പ്രധാനമന്ത്രിയുമായ മാർക്ക് കാർണി തന്റെ ആദ്യ ലിബറൽ കൺവെൻഷന് അധ്യക്ഷത വഹിക്കും. 2026 ഏപ്രിൽ 9 മുതൽ 11 വരെ മൺട്രിയോളിൽ അടുത്ത ലിബറൽ കൺവെൻഷൻ നടക്കുമെന്ന് പാർട്ടി ദേശീയ ഡയറക്ടർ ബോർഡ് അറിയിച്ചു. മാർച്ച് 9-ന് പാർട്ടി നേതൃത്വ മത്സരത്തിൽ കാർണി വിജയിച്ച് ഒരു വർഷത്തിന് ശേഷമാണ് ലിബറൽ പാർട്ടി കൺവെൻഷൻ നടക്കുന്നത്.

കൺവെൻഷനിൽ പാർട്ടി അംഗങ്ങൾ അടുത്ത ദേശീയ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കും. കൂടാതെ നയ ചർച്ചയും നടക്കും. രാജ്യതലസ്ഥാനത്ത് നടന്ന 2023ലെ കൺവെൻഷനിൽ ഏകദേശം നാലായിരത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുത്തതായി പാർട്ടി പറയുന്നു. അതേസമയം കൺസർവേറ്റീവുകൾ ഇതുവരെ അവരുടെ അടുത്ത കൺവെൻഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ല.