Sunday, August 17, 2025

താൽക്കാലിക-സ്ഥിര താമസക്കാർക്കുള്ള വീസ പ്രോസസ്സിങ് അനിശ്ചിതത്വത്തിൽ

ഓട്ടവ : ഒരുകാലത്ത് കാര്യക്ഷമതയുടെ ആഗോള മാതൃകയായിരുന്ന കാനഡയുടെ കുടിയേറ്റ സംവിധാനം, ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും ബാധിക്കുന്ന രീതിയിൽ കാലതാമസം നേരിട്ടുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. താൽക്കാലിക-സ്ഥിര താമസക്കാർക്കുള്ള വീസ പ്രോസസ്സിങ് വർഷങ്ങളോളം അനിശ്ചിതത്വം നേരിടുന്നുണ്ട്. ഒപ്പം വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിർണായകമായ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ്സ് (LMIA) പ്രോസസ്സ് ചെയ്യുന്നതിൽ എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡ (ESDC) ഗണ്യമായ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 3,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2025 ജനുവരിയിൽ പ്രഖ്യാപിച്ചതും ഈ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.

മാർച്ച് 31 വരെ, പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസം എന്നീ വിഭാഗങ്ങളിലായി 1,976,700 അപേക്ഷകൾ IRCC യുടെ ഇൻവെന്‍ററിയിലാണ്. ഫെബ്രുവരിയിലെ 2,029,400 അപേക്ഷകളിൽ നിന്ന് അല്പം കുറവാണെങ്കിലും ഇപ്പോഴും അത്യധികം വലുതാണ് അപേക്ഷകളുടെ ബാക്ക്‌ലോഗ്. IRCC യുടെ സ്റ്റാൻഡേർഡ് പ്രോസസ്സിങ് സമയത്തേക്കാൾ കൂടുതലുള്ള അപേക്ഷകളുടെ ബാക്ക്‌ലോഗ് ഒരു വെല്ലുവിളിയായി തുടരുന്നു.

മെയ് 13 വരെ സന്ദർശക വീസ പ്രോസസ്സിങ് സമയം ശരാശരി 169 ദിവസവും, സ്റ്റഡി പെർമിറ്റ് പ്രോസസ്സിങ് സമയം 234 ദിവസവും വർക്ക് പെർമിറ്റ് പ്രോസസ്സിങ് സമയം 237 ദിവസവുമാണെന്ന് ഔദ്യോഗിക IRCC പ്രോസസ്സിങ് അപ്‌ഡേറ്റ് സൂചിപ്പിക്കുന്നു. 2025 ഏപ്രിൽ വരെ, ഉയർന്ന വേതനവും കുറഞ്ഞ വേതനവുമുള്ള LMIA സ്ട്രീമുകൾ പ്രോസ്സസ് ചെയ്യുന്നതിന് ശരാശരി 61 പ്രവൃത്തി ദിവസങ്ങൾ എടുക്കുന്നു. അതേസമയം വിദേശ തൊഴിലാളികളുടെ പിആർ അപേക്ഷകളെ പിന്തുണയ്ക്കുന്നതിനുള്ള സ്ഥിര താമസ സ്ട്രീമിന് ഏഴ് മാസത്തിൽ കൂടുതൽ 214 പ്രവൃത്തി ദിവസങ്ങൾ വരെയും എടുക്കുന്നുണ്ട്. ഇതുകൂടാതെ, കാനഡയിൽ, (കെബെക്കിന് പുറത്ത്) സ്പൗസൽ സ്പോൺസർഷിപ്പ് അപേക്ഷകൾ പ്രോസ്സസ് ചെയ്യാൻ ഇപ്പോൾ ശരാശരി 29 മാസം എടുക്കുന്നുണ്ടെന്ന് പുതിയ ഐആർസിസി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2025 മാർച്ചിൽ ഇത് 24 മാസമായിരുന്നു. അതേസമയം കെബെക്കിലെ പ്രോസസ്സിങ് സമയം ശരാശരി 36 മാസമായി നീളുന്നു.

കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 2,200 കോടി ഡോളർ സംഭാവന ചെയ്യുന്ന രാജ്യാന്തര വിദ്യാർത്ഥികൾ, പഠന പെർമിറ്റ് കാലാവധി നീട്ടലുകൾക്കായി 234 ദിവസത്തെ കാത്തിരിപ്പാണ് നേരിടുന്നത്. അതേസമയം ആരോഗ്യ സംരക്ഷണം, കൃഷി തുടങ്ങിയ മേഖലകൾക്ക് അത്യന്താപേക്ഷിതമായ താൽക്കാലിക തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് കാലാവധി നീട്ടലുകൾക്കായി 237 ദിവസവും കാത്തിരിക്കേണ്ടി വരുന്നുണ്ട്. കൂടാതെ ഇപ്പോൾ 169 ദിവസമായുള്ള സന്ദർശക വീസ പ്രോസസ്സിങ് വിനോദസഞ്ചാരികളെയും കുടുംബ സന്ദർശകരെയും അവരുടെ ഭാവി ആസൂത്രണം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!