ഓട്ടവ : ഈ ആഴ്ച കിഴക്കൻ കാനഡയിലുടനീളം തണുത്ത കാലാവസ്ഥയും മഴയും പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. അറ്റ്ലാൻ്റിക് കാനഡയിലും വടക്കൻ ഒൻ്റാരിയോയിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തെ തുടർന്ന് വെള്ളിയാഴ്ചയോടെ ഒൻ്റാരിയോ, കെബെക്ക്, അറ്റ്ലാൻ്റിക് കാനഡ എന്നിവിടങ്ങളിൽ മഴ കനക്കുന്നതിന് കാരണമാകും. ജൂണിലും ഈ പ്രവണതകൾ തുടരാമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.
മഞ്ഞുവീഴ്ച മുന്നറിയിപ്പ്
അറ്റ്ലാൻ്റിക് കാനഡയുടെ ചില ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ മഞ്ഞുവീഴ്ച ആരംഭിക്കും. ഈ മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ വടക്കുകിഴക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ തണുത്ത കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. താപനില കുറയുന്നതിനാൽ സസ്കാച്വാനിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വെയ്‌ബേണിന് സമീപം, ഇന്ന് രാവിലെ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളിയാഴ്ച, ന്യൂബ്രൺസ്വിക് തലസ്ഥാനമായ ഫ്രെഡറിക്ടണിലെ നോർത്ത് ബെർലിനിൽ, മഞ്ഞും മഴയും ഇടകലർന്ന കാലാവസ്ഥ അനുഭവപ്പെടും.

മഴ
അടുത്ത കുറച്ച് ദിവസങ്ങളിൽ, പ്രത്യേകിച്ച് ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു. ഇത് വെള്ളിയാഴ്ചയോടെ അറ്റ്ലാൻ്റിക് കാനഡയിലേക്ക് നീങ്ങും. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ഒൻ്റാരിയോയിലുടനീളം 10-20 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നു. ടൊറൻ്റോ, നയാഗ്ര ഫോൾസ് എന്നീ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും 20-21 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, ബാരി, നയാഗ്ര തുടങ്ങിയ ചില പ്രദേശങ്ങളിൽ വ്യാഴാഴ്ചയ്ക്കും വെള്ളിയാഴ്ചയ്ക്കും ഇടയിൽ 30-35 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. കെബെക്കിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥയും വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെ മഴയും ഉണ്ടാകാം.
താപനില
അറ്റ്ലാൻ്റിക് കാനഡയിൽ, സെൻ്റ് ജോൺസ്, മേരിസ് ഹാർബർ ആൻഡ് ഗാൻഡർ, നോർത്ത് ലിയോണ, പ്രിൻസ് എഡ്വേഡ് ഐലൻഡ് തലസ്ഥാനമായ ഷാർലെറ്റ്ടൗൺ തുടങ്ങിയവിടങ്ങളിൽ താപനില കുറയും. എന്നാൽ ഹാലിഫാക്സ്, ഫ്രെഡറിക്ടൺ, സെൻ്റ് ജോൺ, നോർത്ത് ലിയോണ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് താപനില ഇരട്ട അക്കത്തിലെത്തുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.

ടൊറൻ്റോ, ഓട്ടവ, വിൻസർ എന്നിവിടങ്ങളിൽ ഏകദേശം 15 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. അതേസമയം മൺട്രിയോൾ, കെബെക്കിലെ മറ്റു നഗരങ്ങളിൽ എന്നിവിടങ്ങളിൽ താപനില 13 ഡിഗ്രി സെൽഷ്യസിനടുത്തായി അനുഭവപ്പെടും. ആൽബർട്ടയിലെ എഡ്മിന്‍റനിലും കാൽഗറിയിലും താപനില 15 ഡിഗ്രി സെൽഷ്യസായി ഉയരും. ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നാളെ താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഓട്ടവ, മൺട്രിയോൾ, ടൊറൻ്റോ എന്നിവയുൾപ്പെടെ കിഴക്കൻ കാനഡയുടെ ചില ഭാഗങ്ങളിൽ അടുത്ത ആഴ്ച ചൂട് കൂടാൻ തുടങ്ങും.