എഡ്മിന്‍റൻ : പവർസ്കൂൾ സൈബർ ആക്രമണത്തിന്‍റെ ഫലമായി പ്രവിശ്യയിലെ നിരവധി സ്കൂളുകളിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമം നടന്നതായി ആൽബർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണർ (ഒഐപിസി). ഡിസംബറിൽ യുഎസ് ആസ്ഥാനമായുള്ള സ്കൂൾ അഡ്മിനിസ്ട്രേഷൻ സിസ്റ്റമായ പവർസ്കൂളിലുണ്ടായ സൈബർ ആക്രമണം പ്രവിശ്യയിലെ മുപ്പത്തിയൊന്ന് സ്കൂളുകളെ ബാധിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ പേരുകൾ, ഫോൺ നമ്പറുകൾ, ജനനത്തീയതികൾ, ലിംഗഭേദം, മെഡിക്കൽ വിവരങ്ങൾ, രക്ഷിതാവിന്‍റെ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അപഹരിക്കപ്പെടുകയും ചെയ്തിരുന്നു.

സൈബർ ആക്രമണത്തിന് ഉത്തരവാദികളായ ഹാക്കർമാർ മോഷ്ടിച്ച ഡാറ്റ ഉപയോഗിച്ച് ആൽബർട്ടയിലെ നിരവധി സ്കൂളുകളെ ഭീഷണിപ്പെടുത്തിയതായി ഒഐപിസി കമ്മീഷണർ ഡയാൻ മക്ലിയോഡ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ ആക്രമണം നേരിട്ട പവർസ്‌കൂൾ ക്ലയന്റുകളെ കുറിച്ച് അന്വേഷണം നടന്നിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ആ സ്ഥാപനങ്ങൾ സ്വകാര്യതാ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടെന്നും ഡയാൻ മക്ലിയോഡ് പറഞ്ഞു. സൈബർ സുരക്ഷാ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് പവർസ്‌കൂളുമായി ബന്ധപ്പെട്ട ഏതെങ്കിലും ടെക്‌സ്‌റ്റ് സന്ദേശങ്ങളോ ഇമെയിലുകളോ വരുകയാണെങ്കിൽ, ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.