ടൊറൻ്റോ : സ്കാർബ്റോയിലെ ഇന്ത്യൻ റസ്റ്ററൻ്റിന് തീയിട്ടതായി ടൊറൻ്റോ ഫയർ സർവീസസ് (TFS).വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കെന്നഡി റോഡിന് സമീപം 2300 ലോറൻസ് അവന്യൂ ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യൻ റസ്റ്ററൻ്റിലാണ് തീപിടിത്തം ഉണ്ടായത്. റസ്റ്ററൻ്റ് പൂർണ്ണമായി കത്തിനശിച്ചു. ഒന്നിലധികം പ്രതികൾ റസ്റ്ററൻ്റിന്‍റെ മുൻവാതിൽ തകർത്ത് അകത്ത് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. തീപിടുത്ത സമയത്ത് ചില ജീവനക്കാർ അകത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ആർക്കും പരുക്കേറ്റിട്ടില്ല.

സംഭവശേഷം കറുത്ത ഹൂഡികൾ ധരിച്ച രണ്ടോ മൂന്നോ പ്രതികൾ റസ്റ്ററൻ്റിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. തീപിടുത്തം നടന്ന സമയത്ത് പ്രതികൾ സംഭവം സെൽഫോണുകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. റസ്റ്ററൻ്റ് പുനഃനിർമ്മിക്കുമെന്ന് റസ്റ്ററൻ്റ് ഉടമകൾ അറിയിച്ചു.