ടൊറൻ്റോ : വാർഡ് 25 സ്കാർബ്റോ-റൂജ് പാർക്ക് മുനിസിപ്പൽ ഉപതിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ടൊറൻ്റോ സിറ്റി കൗൺസിൽ അറിയിച്ചു. ഡെപ്യൂട്ടി മേയറും കൗൺസിലറുമായ ജെന്നിഫർ മക്കെൽവി ഫെഡറൽ തിരഞ്ഞെടുപ്പിൽ എയ്ജാക്സ് റൈഡിങ്ങിൽ നിന്നും പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജെന്നിഫർ മക്കെൽവിയുടെ രാജി മെയ് 9-ന് പ്രാബല്യത്തിൽ വന്നതായി സിറ്റി കൗൺസിൽ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പണം ജൂൺ 23 ആരംഭിക്കും. പിന്നീട് സിറ്റി ക്ലർക്ക് വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കും.

മുൻ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട് പ്രതിനിധീകരിച്ച എയ്ജാക്സ് റൈഡിങ്ങിൽ നിന്നും ലിബറൽ സ്ഥാനാർത്ഥിയായി 56.3% വോട്ടുകൾ നേടിയാണ് ജെന്നിഫർ വിജയിച്ചത്. 2018-ലും 2022-ലും അവർ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ മേയർ ജോൺ ടോറി രാജിവച്ചതിനെത്തുടർന്ന് ജെന്നിഫർ ആക്ടിംഗ് മേയർ സ്ഥാനവും വഹിച്ചിരുന്നു. ഒലിവിയ ചൗ ഒടുവിൽ ടൊറൻ്റോ മേയറായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ജെന്നിഫർ ഏകദേശം അഞ്ച് മാസത്തോളം ആക്ടിംഗ് മേയറായി സേവനമനുഷ്ഠിച്ചു.