ഓട്ടവ : ഓവർടൈം നിരോധനം പ്രാബല്യത്തിൽ നിലനിൽക്കുന്നതിനിടെ കാനഡ പോസ്റ്റും യൂണിയനും കരാർ ചർച്ച പുനഃരാരംഭിക്കുന്നു. ക്രൗൺ കോർപ്പറേഷൻ ബുധനാഴ്ച ചർച്ച തുടരാൻ നിർദ്ദേശിച്ചതായി ഏകദേശം 55,000 പോസ്റ്റൽ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് അറിയിച്ചു.

തപാൽ ജീവനക്കാരുടെ ഓവർടൈം നിരോധനം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളം തപാൽ വിതരണത്തിൽ കാലതാമസം നേരിടുന്നുണ്ട്. ശമ്പള വർധനയും പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ വാഗ്ദാനങ്ങൾ കാനഡ പോസ്റ്റ് ബുധനാഴ്ച യൂണിയന് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങളോട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ആഴ്ച പാഴ്സലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50% കുറഞ്ഞതായി തപാൽ സർവീസ് അറിയിച്ചു.

കാനഡ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ഫെഡറൽ സർക്കാർ നിയോഗിച്ച കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിദിന ഡോർ-ടു-ഡോർ ഡെലിവറി നിർത്തലാക്കണമെന്നും, തപാൽ വിതരണക്കാരുടെ റൂട്ടുകൾ ദിവസേന മാറുന്ന പുതിയ സംവിധാനം നടപ്പിലാക്കണമെന്നും ഈ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.