മൺട്രിയോൾ : ലൈം ബോറെലിയോസിസ് എന്നും അറിയപ്പെടുന്ന ലൈം രോഗബാധിതരുടെ എണ്ണം കെബെക്കിൽ വർധിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ. കഴിഞ്ഞ 15 വർഷത്തിനിടയിൽ, കെബെക്കിൽ ലൈം രോഗവും ചെള്ളുകൾ മൂലമുണ്ടാകുന്ന മറ്റു രോഗങ്ങളും വർധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഈ വർധനയ്ക്ക് കാരണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി സാന്‍റെ പബ്ലിക്ക് ഡു കെബെക്കിലെ (INSPQ) ശാസ്ത്ര ഉപദേഷ്ടാവായ കിർസ്റ്റൺ ക്രാൻഡൽ പറയുന്നു.

പ്രവിശ്യയിലുടനീളം നൂറുകണക്കിന് ലൈം രോഗബാധ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം അറിയിച്ചു. പ്രവിശ്യയിൽ ലൈം രോഗം ഇപ്പോൾ പകർച്ചവ്യാധിയായി മാറിയിട്ടുണ്ടെന്നും കിർസ്റ്റൺ ക്രാൻഡൽ പറഞ്ഞു. ശൈത്യകാലം കുറയുന്നതോ ശൈത്യകാലത്ത് ചൂട് കൂടുന്നതോ ആയ കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളിൽ ചെള്ളുകളുടെ വർധനയ്ക്ക് കാരണമാകുന്നു. ഇത് പിന്നീട് മനുഷ്യരിലേക്ക് പടരും, കിർസ്റ്റൺ ക്രാൻഡൽ വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനം കെബെക്കിൽ മറ്റു അണുബാധകൾ കൂടി പടരാൻ സാധ്യത വർധിപ്പിക്കുന്നുണ്ടെന്നും ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും മക്ഗിൽ സർവകലാശാലയിലെ ജീവശാസ്ത്ര അസോസിയേറ്റ് പ്രൊഫസർ വിർജീനി മില്ലിയൻ പറയുന്നു. പക്ഷികൾ, മാൻ, മറ്റ് ചെറിയ സസ്തനികൾ തുടങ്ങിയവയിൽ പറ്റിപ്പിടിക്കുന്ന ചെള്ളുകളെ കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കണം, അവർ നിർദ്ദേശിച്ചു. പനി, പേശി അല്ലെങ്കിൽ സന്ധി വേദന എന്നിവയോടൊപ്പം ശരീരത്തിൽ കാലക്രമേണ വലുതായി വരുന്ന ചുവപ്പു നിറവുമാണ് ലൈം രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം. ഒരു ചെള്ള് കടിച്ചാൽ 811 എന്ന നമ്പറിൽ ഇൻഫോ-സാന്‍റ വിളിക്കാൻ വിദഗ്ധർ പറയുന്നു.
