ടൊറൻ്റോ : മറ്റൊരു ന്യൂനമർദ്ദം കൂടി എത്തുന്നതിനാൽ, ടൊറൻ്റോയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. നഗരത്തിൽ ഇന്ന് (ചൊവ്വാഴ്ച) മേഘാവൃതവും പകൽ സമയത്ത് ചൂട് കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ഇന്ന് പകൽ താപനില 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എന്നാൽ, ബുധനാഴ്ച നഗരത്തിൽ വീണ്ടും മഴ പെയ്യുമെന്നും വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നും പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാവിലെയോടെ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ 20 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. ടൊറൻ്റോയിൽ 5 മില്ലിമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

ബുധനാഴ്ച പകൽ താപനില കുറയും. ചൊവ്വാഴ്ച 21 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ടൊറൻ്റോയിലെ താപനില ബുധനാഴ്ച 15 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. വ്യാഴാഴ്ചയും മഴക്കാലമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. മേഘാവൃതമായ ആകാശവും ദിവസം മുഴുവൻ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മഴ പെയ്യാൻ 60% സാധ്യതയുണ്ട്. ഉയർന്ന താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയത്ത് യഥാക്രമം 19, 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില.