ടൊറൻ്റോ : കാനഡയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഒൻ്റാരിയോയിലെ ഹംബർ കോളേജിൽ പഠനം ആരംഭിക്കാനെത്തിയ ഉത്തർപ്രദേശിലെ ദാദ്രിയിൽ നിന്നുള്ള 23 വയസ്സുള്ള സാഹിൽ കുമാറിനെയാണ് കാണാതായത്.

മെയ് 16-ന് ഉച്ചക്ക് 12:50-ന് ടൊറൻ്റോയിലെ യൂണിയൻ സ്റ്റേഷനിലാണ് സഹിൽ കുമാറിനെ അവസാനമായി കണ്ടതെന്ന് ഹാമിൽട്ടൺ പൊലീസ് പറയുന്നു. അന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സാഹിലിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതായും അധികൃതർ അറിയിച്ചു. പാസ്‌പോർട്ടും ലാപ്‌ടോപ്പും അദ്ദേഹത്തിന്‍റെ ഹാമിൽട്ടണിലെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സാഹിലിനു കാനഡയിൽ പരിചയമില്ലെന്നും വഴിതെറ്റിയിരിക്കാമെന്നും പൊലീസ് പറയുന്നു. മെട്രോലിങ്ക്സ്, പ്രാദേശിക ആശുപത്രികൾ, ടൊറൻ്റോ പൊലീസ്, ഹംബർ കോളേജ് എന്നിവരുമായി ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാണാതായ സമയത്ത് സാഹിൽ കുമാർ ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടിലായിരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഹാമിൽട്ടൺ പൊലീസ് റിപ്പോർട്ട് ചെയ്തു.

സാഹിൽ കുമാർ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9055408549 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹാമിൽട്ടൺ പൊലീസ് അഭ്യർത്ഥിച്ചു. അന്വേഷണം പുരോഗമിക്കുന്നു.