Wednesday, September 10, 2025

കാട്ടുതീ ഭീഷണി: മാനിറ്റോബയിൽ അടിയന്തരാവസ്ഥ

വിനിപെഗ് : പ്രവിശ്യയിലെ വടക്കൻ മേഖലയിൽ കാട്ടുതീ കത്തിപ്പടരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. കാട്ടുതീ ആയിരക്കണക്കിന് ആളുകൾക്ക് ഭീഷണിയായതിനാൽ ജനങ്ങളുടെ സുരക്ഷയാണ് പ്രധാന പരിഗണനയെന്ന് പ്രീമിയർ വാബ് കിന്യൂ പറഞ്ഞു. വടക്കൻ മാനിറ്റോബയിൽ നിന്നും ഏകദേശം 17,000 പേരെ ഒഴിപ്പിക്കുമെന്ന് പ്രീമിയർ അറിയിച്ചു. അവരിൽ പലരും പ്രവിശ്യ തലസ്ഥാനമായ വിനിപെഗിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒഴിപ്പിക്കപ്പെട്ടവരെ കൊണ്ടുപോകുന്നതിന് പ്രവിശ്യ പ്രധാനമന്ത്രി മാർക്ക് കാർണിയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാർണി അഭ്യർത്ഥന അംഗീകരിച്ചതായും വാബ് കിന്യൂ അറിയിച്ചു.

ഒഴിപ്പിക്കപ്പെട്ടവർ അടിയന്തര സഹായത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് കനേഡിയൻ റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്യണമെന്നും പ്രീമിയർ വാബ് കിന്യൂ നിർദ്ദേശിച്ചു. ഇവർക്കായി 709 കീവാറ്റിൻ സ്ട്രീറ്റിലെ ബില്ലി മോസിയെങ്കോ അരീനയിൽ ഷെൽട്ടർ ഒരുക്കിയിട്ടുണ്ട്. ഒഴിപ്പിക്കപ്പെട്ടവർ ആവശ്യമായ സാധനങ്ങൾ, മരുന്നുകൾ, തിരിച്ചറിയൽ രേഖകൾ, ഗോ-ബാഗുകൾ, വളർത്തുമൃഗങ്ങൾക്കുള്ള സാധനങ്ങൾ എന്നിവ കൈവശം കരുതണം.

തിങ്കളാഴ്ച സസ്കാച്വാനിലെ ക്രെയ്റ്റണിൽ ആരംഭിച്ച തീ ചൊവ്വാഴ്ച മാനിറ്റോബ അതിർത്തി കടന്ന് 5,000 ജനസംഖ്യയുള്ള ഫ്ലിൻ ഫ്ലോൺ നഗരത്തിന് ഭീഷണിയായതിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഫ്ലിൻ ഫ്ലോണിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ എത്തിയ കാട്ടുതീ ഇപ്പോൾ 20,000 ഹെക്ടർ വിസ്തൃതിയിൽ പടർന്നു പിടിച്ചിട്ടുണ്ട്. ക്രോസ് ലേക്ക്, പിമിസികാമാക് ക്രീ നേഷൻ, മത്യാസ് കൊളംബ് ക്രീ നേഷൻ എന്നിവ ഒഴിപ്പിക്കൽ ഉത്തരവുകളുള്ള മറ്റ് കമ്മ്യൂണിറ്റികളാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള എല്ലാ ഒഴിപ്പിക്കൽ ഉത്തരവുകളും പാലിക്കാനും യാത്ര ചെയ്യുന്നതിന് മുമ്പ് മാനിറ്റോബ 511 പരിശോധിക്കാനും പ്രവിശ്യ നിവാസികളോട് പ്രീമിയർ നിർദ്ദേശിച്ചു. ബാക്ക്കൺട്രി യാത്ര അനുവദനീയമല്ല. വടക്കൻ മാനിറ്റോബയിലെ നിരവധി ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികളും ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ മാനിറ്റോബയിലുടനീളം 22 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ടെന്ന് മാനിറ്റോബ വൈൽഡ്‌ഫയർ സർവീസിലെ അസിസ്റ്റൻ്റ് ഡെപ്യൂട്ടി മന്ത്രി ക്രിസ്റ്റിൻ ഹേവാർഡ് അറിയിച്ചു. 2025-ൽ ഇതുവരെ മാനിറ്റോബയിൽ 102 കാട്ടുതീകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!