ടൊറൻ്റോ : ഇമിഗ്രേഷൻ തട്ടിപ്പുകളിൽ നിന്നും പുതിയ കുടിയേറ്റക്കാരെ സംരക്ഷിക്കാൻ പുത്തൻ പരിഷ്കാരങ്ങൾ അവതരിപ്പിച്ച് കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒൻ്റാരിയോ. കുടിയേറ്റ തട്ടിപ്പുകളിൽ നിന്ന് പുതുമുഖങ്ങളെ സംരക്ഷിക്കുന്നതിനും കുടിയേറ്റ സംവിധാനത്തിന്റെ സമഗ്രത ശക്തിപ്പെടുത്തുന്നതിനും ഒൻ്റാരിയോ സർക്കാർ മെയ് 28-ന് വർക്കിങ് ഫോർ വർക്കേഴ്സ് സെവൻ ആക്റ്റ്, 2025 അവതരിപ്പിച്ചു. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) പരിഷ്കരിക്കുന്നതിനും ദുർബലരായ കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന വഞ്ചനാപരമായ നടപടികൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വിപ്ലവകരമായ നിയമനിർമ്മാണമാണിത്. 2019 മെയ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ, കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) 153 വ്യക്തികൾക്കെതിരെ ഇമിഗ്രേഷൻ കൺസൾട്ടന്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുണ്ട്.

ഒൻ്റാരിയോയിൽ സ്ഥിര താമസം തേടുന്ന വിദഗ്ദ്ധ തൊഴിലാളികൾ, രാജ്യാന്തര വിദ്യാർത്ഥികൾ, സംരംഭകർ എന്നിവർക്ക് OINP ഒരു വിശ്വസനീയമായ പാത്ത് വേ ആയി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഈ സമഗ്രമായ പരിഷ്കരണം കർശന നിയന്ത്രണങ്ങൾ, ശക്തമായ മേൽനോട്ടം, നൂതന ഉപകരണങ്ങൾ എന്നിവ ഒരുക്കുന്നു. 2021 മുതൽ അവതരിപ്പിച്ച സുപ്രധാന നിയമനിർമ്മാണത്തിലൂടെ തൊഴിലാളികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നതിനുള്ള ഒൻ്റാരിയോയുടെ മുൻ ശ്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ മാറ്റങ്ങളിലൂടെ ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം സമഗ്രത വർധിപ്പിക്കുകയും അപേക്ഷാ പ്രക്രിയകൾ കാര്യക്ഷമമാക്കുകയും പ്രവിശ്യയുടെ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകുകയും ചെയ്യും.
നിർദിഷ്ട നിയമനിർമ്മാണത്തിന്റെ പ്രധാന ഘടകങ്ങൾ ഇതാ:
ഇമിഗ്രേഷൻ തട്ടിപ്പുകൾ തടയാൻ അപേക്ഷകരുമായി നേരിട്ട് അഭിമുഖങ്ങൾ ആവശ്യപ്പെടാൻ OINP ഇൻസ്പെക്ടർമാർക്ക് അധികാരം നൽകും. അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനും വ്യാജ ജോലി വാഗ്ദാനങ്ങൾ തടയാനും ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രവിശ്യയുടെ നിലവിലെ തൊഴിൽ വിപണി ആവശ്യങ്ങൾ മാനിക്കാത്ത OINP അപേക്ഷകൾ തിരികെ നൽകുന്നതിന് പുതിയ മാറ്റം അനുവദിക്കും. ഒൻ്റാരിയോയുടെ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന കഴിവുകളും യോഗ്യതകളും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകി അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലഹരണപ്പെട്ടതോ സംശയാസ്പദമായതോ ആയ അപേക്ഷകൾ ഫിൽട്ടർ ചെയ്യുന്നതിലൂടെ, OINP-ക്ക് കൂടുതൽ കാര്യക്ഷമമായി അപേക്ഷകൾ പ്രോസ്സസ് ചെയ്യാൻ സാധിക്കും. ഇതിലൂടെ ബാക്ക്ലോഗ് കുറയുകയും അപേക്ഷകർക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്നും കരുതുന്നു.

നേരിട്ടുള്ള അപേക്ഷകൾക്കായുള്ള പുതിയ OINP എംപ്ലോയർ പോർട്ടൽ ആരംഭിക്കുന്നതാണ് പുതിയൊരു മാറ്റം. 2025 വേനൽക്കാലത്ത് ആരംഭിക്കുന്ന ഈ പുതിയ OINP എംപ്ലോയർ പോർട്ടൽ വഴി OINP എംപ്ലോയർ അപേക്ഷകർക്ക് നേരിട്ടും ഇലക്ട്രോണിക് രീതിയിലും അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം അപേക്ഷാ പ്രക്രിയ ലളിതമാക്കും.