ഓട്ടവ : അതിർത്തി സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് കാനഡ. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ കാനഡയുടെ അതിർത്തി ശക്തിപ്പെടുത്തുന്നതിന് ബിൽ സി-2 അഥവാ സ്ട്രോങ്ങ് ബോർഡേഴ്‌സ് ആക്ട് പുറത്തിറക്കിയതായി പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി അറിയിച്ചു. സംഘടിത കുറ്റകൃത്യങ്ങളും ഫെന്‍റനൈലും തടയുക, അതിർത്തി സുരക്ഷിതമാക്കുക, സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കൂടുതൽ ഉപകാരണങ്ങൾ നൽകുക എന്നീ മൂന്ന് പ്രധാന ഘടകങ്ങൾ അടങ്ങിയതാണ് ബിൽ സി-2. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നിരീക്ഷണ ടവറുകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നതുൾപ്പെടെ കാനഡ മുൻകാലങ്ങളിൽ നടപ്പിലാക്കിയിരുന്ന സുരക്ഷാ നടപടികളെ അടിസ്ഥാനമാക്കിയാണ് പുതിയ ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതുവരെ നിയമമായിട്ടില്ലാത്ത ബിൽ സി-2 പ്രകാരം അടിയന്തര സാഹചര്യങ്ങളിൽ നിയമപാലകർക്ക് വാറണ്ട് ഇല്ലാതെ അവരുടെ അധികാരങ്ങൾ ഉപയോഗിക്കാനും സാധിക്കും. കൂടാതെ ക്രിമിനൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിന്, മെയിൽ പരിശോധിക്കുന്നതിലുള്ള തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനായി കാനഡ പോസ്റ്റ് കോർപ്പറേഷൻ നിയമത്തിൽ ഭേദഗതി വരുത്തും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരതയ്ക്ക് ധനസഹായം നൽകൽ എന്നിവയെ ചെറുക്കുന്നതിന്, 10,000 ഡോളറിൽ കൂടുതലുള്ള വലിയ പണമിടപാടുകൾക്കും വലിയ നിക്ഷേപങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വീടുകൾ വാങ്ങുന്നത് പോലുള്ള വലിയ ഇടപാടുകൾക്ക് പണം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഉണ്ടായിരിക്കില്ല.

ട്രാൻസ്പോർട്ടർമാരുടെയും വെയർഹൗസ് ഓപ്പറേറ്റർമാരുടെയും നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ പ്രവേശിച്ച് പരിശോധിക്കാൻ അതിർത്തി ഉദ്യോഗസ്ഥരെ അനുവദിക്കുന്ന പുതിയ നിയമങ്ങൾ ബിൽ നിർദ്ദേശിക്കുന്നു. ഒപ്പം കാനഡയുടെ ഇമിഗ്രേഷൻ പ്രക്രിയയിൽ നിരവധി മാറ്റങ്ങളും ബിൽ നിർദ്ദേശിക്കുന്നു.