ഓട്ടവ : തങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് കൂടുതൽ ആശ്വാസം നൽകുമോ എന്ന് അറിയാൻ ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനത്തെ ഉറ്റുനോക്കി കനേഡിയൻ പൗരന്മാർ. നാളെ നടക്കാനിരിക്കുന്ന പ്രഖ്യാപനത്തിൽ നിരക്കുകൾ കുറയുന്നതിനുപകരം അത് അതേപടി തുടരാനാണ് സാധ്യതയെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. എന്നാൽ, കാനഡയുടെ സെൻട്രൽ ബാങ്ക് ബുധനാഴ്ച പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. സെൻട്രൽ ബാങ്കിന്‍റെ ബെഞ്ച്മാർക്ക് നിരക്ക് നിലവിൽ 2.75 ശതമാനമാണ്.

ബുധനാഴ്ച നിരക്ക് കുറയ്ക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിച്ചിരുന്നു. എന്നാൽ സ്റ്റീൽ, അലുമിനിയം താരിഫുകൾ 50 ശതമാനത്തിലേക്ക് വർധിപ്പിച്ച യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം ഉൾപ്പെടെ നിലവിലെ വ്യാപാര യുദ്ധ സംഭവവികാസങ്ങളും കണക്കിലെടുക്കുമ്പോൾ ഈ സാധ്യത കുറഞ്ഞതായി സാമ്പത്തിക വിദഗ്ധർ പറയുന്നു. മിക്ക സാമ്പത്തിക വിദഗ്ധരും ഇത്തവണ നിരക്ക് കുറയ്ക്കൽ പ്രതീക്ഷിക്കുന്നില്ലെങ്കിലും, സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത് എത്രയും വേഗം പരിഗണിക്കണമെന്ന് പലരും ആവശ്യപ്പെടുന്നു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി (ബാങ്ക് ഓഫ് കാനഡ) പലിശ നിരക്ക് കുറയ്ക്കൽ പുനരാരംഭിക്കണം, കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിലെ പ്രധാന സാമ്പത്തിക വിദഗ്ധൻ ആൻഡ്രൂ ഡികാപുവ അഭ്യർത്ഥിച്ചു. വരും മാസങ്ങളിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് കണക്കിലെടുക്കുമ്പോൾ, ഇത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം വ്യാപാര യുദ്ധവും താരിഫുകളും കാരണം ഉയർന്ന സാമ്പത്തികമാന്ദ്യ സാധ്യതയ്ക്ക് പുറമേ, ഈ വർഷം കാനഡയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ടിഡി ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.