ഓട്ടവ : കനേഡിയൻ സമ്പദ്‌വ്യവസ്ഥ വ്യാപാരയുദ്ധത്തിൻ്റെ ആഘാതങ്ങൾ നേരിടുന്നതിനിടെ അടിസ്ഥാന പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ. കഴിഞ്ഞ 10 മാസത്തിനുള്ളിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. അമേരിക്കയുമായുള്ള വ്യാപാര സംഘർഷത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതായി ഗവർണർ ടിഫ് മക്ലെം പറയുന്നു. സെൻട്രൽ ബാങ്കിന്‍റെ അവസാന നിരക്ക് തീരുമാനത്തിനുശേഷം ചില ഇറക്കുമതി തീരുവകൾ നീക്കം ചെയ്തെങ്കിലും മറ്റ് താരിഫുകൾ ഇപ്പോഴും ഭീഷണി ഉയർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സമ്പദ്‌വ്യവസ്ഥ ദുർബലമാകാൻ തുടങ്ങുകയും വില സമ്മർദ്ദങ്ങൾ നിയന്ത്രണത്തിലായിരിക്കുകയും ചെയ്താൽ കൂടുതൽ പലിശ നിരക്ക് കുറയ്ക്കൽ പരിഗണിക്കുമെന്നും ടിഫ് മക്ലെം അറിയിച്ചു.

കാനഡ-യുഎസ് വ്യാപാര തർക്കം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ സെൻട്രൽ ബാങ്ക്, ജൂണിന് ശേഷം ആദ്യമായി ഏപ്രിലിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തിയിരുന്നു. അതേസമയം താരിഫ് ആഘാതം മറികടക്കാൻ വ്യാപാരസ്ഥാപനങ്ങൾ തിടുക്കം കൂട്ടുന്നതിനാൽ വർഷത്തിന്‍റെ ആദ്യ പാദത്തിൽ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപാദനം പ്രതീക്ഷകളെ മറികടന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ഉയർന്നിട്ടും ഉപഭോക്തൃ കാർബൺ വില നീക്കം ചെയ്തതിനാൽ വാർഷിക പണപ്പെരുപ്പം ഏപ്രിലിൽ 1.7 ശതമാനമായി കുറഞ്ഞു.