ഓട്ടവ : പണിമുടക്ക് ഒഴിവാക്കാൻ കരാറിലെത്താൻ കാനഡ പോസ്റ്റും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ചർച്ച പുനഃരാരംഭിക്കണമെന്ന് തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു ആവശ്യപ്പെട്ടു. ക്രൗൺ കോർപ്പറേഷനോടും കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സിനോടും കരാറിനായി പ്രവർത്തിക്കുന്നത് തുടരാൻ മന്ത്രി ആവശ്യപ്പെട്ടു.

മധ്യസ്ഥതയാണ് അഭികാമ്യമായ മാർഗ്ഗം. എന്നാൽ ഇരുപക്ഷത്തിനും പൊതുവായ ഒരു നിലപാട് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിർബന്ധിത ഒത്തുതീർപ്പിന് ഒരുങ്ങണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ക്രൗൺ കോർപ്പറേഷനും യൂണിയനും പ്രതിസന്ധി പരിഹരിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനായി ഫെഡറൽ മധ്യസ്ഥർ സഹായിക്കാൻ കാത്തിരിക്കുകയാണെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ വർഷം ഒരു മാസം നീണ്ടുനിന്ന പണിമുടക്കിന് ശേഷം, മെയ് 23 മുതൽ യൂണിയൻ വീണ്ടും നിയമപരമായ പണിമുടക്ക് നിലപാടിലാണ്. എന്നാൽ, കരാർ ചർച്ച തുടരുമ്പോൾ ജീവനക്കാർ ഓവർടൈം ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കാൻ യൂണിയൻ നിർദ്ദേശിച്ചിരുന്നു.