ഓട്ടവ : യുഎസ് താരിഫുകൾ കാരണം കയറ്റുമതി കുത്തനെ ഇടിഞ്ഞതിനാൽ ഏപ്രിലിൽ 710 കോടി ഡോളറായി വ്യാപാര കമ്മി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മാർച്ചിൽ 230 കോടി ഡോളറായിരുന്നു വ്യാപാര കമ്മി. മോട്ടോർ വാഹനങ്ങളുടെയും പാർട്‌സുകളുടെയും കയറ്റുമതി 17.4% ഇടിഞ്ഞു. ഇതോടെ ഏപ്രിലിൽ മൊത്തത്തിലുള്ള കയറ്റുമതി 10.8% ഇടിഞ്ഞ് 6,040 കോടി ഡോളറിലെത്തി.

ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 15.4% ഇടിഞ്ഞപ്പോൾ ഊർജ്ജ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 7.9% ഇടിഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, മോട്ടോർ വാഹനങ്ങളുടെയും പാർട്‌സുകളുടെയും ഇറക്കുമതി 17.7 ശതമാനവും വ്യാവസായിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, പാർട്‌സുകൾ എന്നിവയുടെ ഇറക്കുമതി 9.5 ശതമാനവും ഇടിഞ്ഞു. ഇതോടെ ഏപ്രിലിൽ മൊത്തം ഇറക്കുമതി 3.5% ഇടിഞ്ഞ് 6,760 കോടി ഡോളറായി.

വ്യാപാരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യുഎസിലേക്കുള്ള കയറ്റുമതി 15.7% കുറയുകയും യുഎസിൽ നിന്നുള്ള ഇറക്കുമതി 10.8% കുറയുകയും ചെയ്തു. അതേസമയം, യുഎസ് ഒഴികെയുള്ള രാജ്യങ്ങളുമായുള്ള കാനഡയുടെ വ്യാപാര കമ്മി മാർച്ചിലെ 900 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിലിൽ 1,070 കോടി ഡോളറായി. യുഎസ് ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 2.9% ഉയർന്ന് 1,830 കോടി ഡോളറിലെത്തി. അതേസമയം യുഎസ് ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 8.3% വർധിച്ച് 2,900 കോടി ഡോളറായി.