വൻകൂവർ : വൻകൂവറിൽ കനേഡിയൻ മാധ്യമപ്രവർത്തകനെ വളഞ്ഞിട്ട് ആക്രമിച്ച് ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ. ഞായറാഴ്ച വൻകൂവറിൽ ഖലിസ്ഥാൻ അനുകൂലികൾ സംഘടിപ്പിച്ച റാലി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകനായ മോച്ച ബെസിർഗൻ ആക്രമിക്കപ്പെട്ടത്. ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിക്കുന്നു. ഖലിസ്ഥാനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെക്കുറിച്ചുള്ള മുൻ റിപ്പോർട്ടിങ്ങുകളുടെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും മോച്ച ബെസിർഗൻ പറയുന്നു.

അക്രമികൾ ഗുണ്ടകളെപ്പോലെ പെരുമാറിയെന്നും മനഃപൂർവ്വം തന്നെ ലക്ഷ്യം വച്ചെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഫോൺ അക്രമികൾ പിടിച്ചുവാങ്ങിയതായും അദ്ദേഹം അറിയിച്ചു. കാനഡ, യുകെ, യുഎസ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നടന്ന ഖലിസ്ഥാൻ പ്രതിഷേധങ്ങൾ താൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് വളരെക്കാലമായി ഓൺലൈൻ വഴിയും ഭീഷണി ലഭിച്ചിരുന്നതായി അദ്ദേഹം ആരോപിച്ചു.

അതേസമയം ഖലിസ്ഥാൻ തീവ്രവാദികൾക്കും അവരുടെ അനുകൂലികൾക്കുമെതിരെ കാനഡ നടപടികളൊന്നും സ്വീകരിക്കാത്തതിൽ ഇന്ത്യ പലതവണ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കാനഡയുടെ നിഷ്ക്രിയത്വവും കാനഡയിലെ ഖലിസ്ഥാൻ അനുകൂല സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളും കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.