ഓട്ടവ : കാനഡ പോസ്റ്റിലെ നിലവിലുള്ള തൊഴിൽ തർക്കം പരിഹാരമാകാതെ നീളുന്നു. കരാർ ചർച്ച സ്തംഭനാവസ്ഥയിലാണെന്നും ഇരുപക്ഷവും വിവിധ വിഷയങ്ങളിൽ ഇപ്പോഴും അകലെയാണെന്നും 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. കാനഡ പോസ്റ്റ് മധ്യസ്ഥതയിലെത്താൻ വിസമ്മതിക്കുകയാണെന്നും യൂണിയൻ ആരോപിച്ചു.

കരാറിൽ ഒപ്പുവയ്ക്കുന്നതിന് പകരം, കാനഡ പോസ്റ്റിന് അനുകൂലമായ റിപ്പോർട്ടാണ് ഫെഡറൽ കമ്മീഷൻ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് ഒരു പ്രസ്താവനയിൽ പറയുന്നു. കരാർ നിബന്ധനകൾ തയ്യാറാക്കുന്നതിൽ ക്രൗൺ കോർപ്പറേഷൻ സഹകരിക്കാൻ തയ്യാറല്ലെന്നും യൂണിയൻ പറഞ്ഞു.

അതിനിടെ അഞ്ച് ദിവസം മുമ്പ് ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു കാനഡ പോസ്റ്റിനോടും യൂണിയനോടും കരാർ ചർച്ച പുനഃരാരംഭിക്കാനും ബൈൻഡിങ് ആർബിട്രേഷനുള്ള നിബന്ധനകൾ മുന്നോട്ടുവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യൂണിയൻ മുന്നോട്ടുവച്ച നിബന്ധനകൾ തിങ്കളാഴ്ച കാനഡ പോസ്റ്റ് നിരസിച്ചു.