ഹാലിഫാക്സ് : പിക്റ്റൗ കൗണ്ടിയിലെ രണ്ട് കുട്ടികളുടെ ദുരൂഹമായ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പോളിഗ്രാഫ് പരിശോധന നടത്തി നോവസ്കോഷ ആർസിഎംപി. അന്വേഷണത്തിനിടെ മൊഴി നൽകിയ 54 പേരിൽ ചിലരെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരായതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, എത്ര പരിശോധനകൾ നടത്തി, ആരാണ് പരിശോധനകൾ നടത്തിയത്, അല്ലെങ്കിൽ ഫലങ്ങൾ എന്താണെന്ന് ആർസിഎംപി വ്യക്തമാക്കിയിട്ടില്ല.

പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഏപ്രിൽ രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കും അപ്രത്യക്ഷരായത്. ലില്ലിയുടെയും ജാക്കിന്‍റെയും തിരോധാനത്തെക്കുറിച്ച് കൂടുതലറിയാൻ ദിവസേന വിവരങ്ങൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ആർസിഎംപി വക്താവ് അറിയിച്ചു. നാഷണൽ സെന്‍റർ ഓഫ് മിസ്സിങ് പേഴ്‌സൺസ്, കനേഡിയൻ സെന്‍റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷൻ, നോവ പ്രവിശ്യാ, മുനിസിപ്പൽ പൊലീസ് ഏജൻസികൾ എന്നിവയ്‌ക്കൊപ്പം പതിനൊന്നിലധികം നോവസ്കോഷ ആർസിഎംപി യൂണിറ്റുകളും കേസിൽ പ്രവർത്തിക്കുന്നുണ്ട്.

കാണാതായ കുട്ടികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ നോർത്ത് ഈസ്റ്റ് നോവ ആർസിഎംപി മേജർ ക്രൈം യൂണിറ്റിനെ 902-896-5060 എന്ന നമ്പറിലോ 1-800-222-TIPS (8477) എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.