ഷാർലെറ്റ്ടൗൺ : പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് പല്ലുകളുടെ ആരോഗ്യം. തിളങ്ങുന്ന ആരോഗ്യമുള്ള പല്ലുകള്‍ എല്ലാവരുടേയും ആഗ്രഹമാണ്. നല്ല ദന്ത സംരക്ഷണത്തിന് ഇടയ്ക്കിടെ ദന്ത പരിശോധനകൾ അത്യാവശ്യമാണ്. ഇത്തരത്തിൽ സമ്പൂർണ്ണ ദന്ത സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മൊബൈൽ ഡെന്‍റൽ ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുകയാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ്. പരമ്പരാഗത ദന്ത സംരക്ഷണത്തിൽ തടസ്സങ്ങൾ നേരിടുന്ന ദ്വീപ് നിവാസികൾക്ക് സേവനം നൽകുന്നതിനാണ് മൊബൈൽ ഡെന്‍റൽ ക്ലിനിക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹെൽത്ത് പിഇഐ സിഇഒ മെലാനി ഫ്രേസർ പറയുന്നു.

സ്കൂളുകൾ, ലോങ് ടേം കെയർ ഹോമുകൾ, കമ്മ്യൂണിറ്റി കെയർ കേന്ദ്രങ്ങൾ, ഷെൽട്ടറുകൾ, ഔട്ട്റീച്ച് സെന്‍ററുകൾ എന്നിവ ക്ലിനിക് സന്ദർശിക്കുമെന്ന് ആരോഗ്യ-ക്ഷേമ മന്ത്രി മാർക്ക് മക്ലെയ്ൻ അറിയിച്ചു. മുതിർന്നവർ, കുട്ടികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവരുൾപ്പെടെ നിരവധി ദ്വീപ് നിവാസികൾക്ക്, ദന്ത പരിചരണം ലഭ്യമല്ല. എന്നാൽ, ദന്ത പരിചരണം ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് നേരിട്ട് മൊബൈൽ ക്ലിനിക്കിലൂടെ സേവനം ലഭിക്കുമെന്ന് മാർക്ക് മക്ലെയ്ൻ പറയുന്നു.

ഓരോ മൊബൈൽ ക്ലിനിക്കിലും രണ്ട് ചികിത്സാ മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. അവയിലൊന്ന് വീൽചെയർ ഉപയോഗിക്കാവുന്നതും ബാരിയാട്രിക്-അനുയോജ്യമായ ഡെന്‍റൽ ചെയറുമാണ്. ഓരോ ക്ലിനിക്കിലും ഒരു ദന്തരോഗവിദഗ്ദ്ധൻ, ദന്ത ശുചിത്വ വിദഗ്ധർ, ദന്ത സഹായികൾ എന്നിവരുണ്ടാകും.