റെജൈന : പ്രവിശ്യയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നും ഒഴിപ്പിച്ച 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും 500 ഡോളർ അടിയന്തര ധനസഹായം ലഭിക്കുമെന്ന് സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ. പ്രവിശ്യാ/മുനിസിപ്പൽ പങ്കാളിത്തത്തോടെ പ്രാദേശിക നേതാക്കൾ ഫണ്ട് വിതരണം ചെയ്യുമെന്ന് പ്രീമിയർ അറിയിച്ചു. പ്രവിശ്യയിൽ സ്ഥിരതാമസമാക്കിയവരും, ഒഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിൽ പ്രാഥമിക വസതിയുള്ളവരും, റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്തവരുമായ ആളുകൾക്കാണ് ഈ ധനസഹായത്തിന് അർഹത.

ഈ ധനസഹായം ഒഴിപ്പിച്ച സമയത്ത് മാത്രമല്ല വീണ്ടും വീടുകളിലേക്ക് തിരിച്ച് എത്തുമ്പോൾ ഉണ്ടാകുന്ന ചെലവ് നേരിടാനും ഉപകരിക്കുമെന്ന് സ്കോട്ട് മോ പറഞ്ഞു. സസ്കാച്വാൻ പബ്ലിക് സേഫ്റ്റി ഏജൻസിയിൽ (SPSA) രജിസ്റ്റർ ചെയ്തവർക്ക് നൽകുന്ന മറ്റ് സാമ്പത്തിക സഹായത്തിന് പുറമേയാണ് 500 ഡോളർ. നിലവിൽ, ഒരു കുടുംബനാഥന് പ്രതിദിനം 40 ഡോളർ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ഓരോ കുടുംബാംഗങ്ങൾക്കും 20 ഡോളറും ലഭിക്കും. ദിവസേന പരമാവധി 200 ഡോളറായിരിക്കും നൽകുക.

സസ്കാച്വാനിലുടനീളം 23 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ട്. അതിൽ ആറെണ്ണം നിയന്ത്രണവിധേയമല്ലെന്ന് കണക്കാക്കപ്പെടുന്നു. ഈ സീസണിൽ ഇതുവരെ 259 കാട്ടുതീകൾ ഉണ്ടായിട്ടുണ്ട്.