ടൊറൻ്റോ : മകനെ ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു പോയതായുള്ള അമ്മയുടെ പരാതിയിൽ ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അറസ്റ്റിൽ. അവധി അഘോഷിക്കാന്‍ മകനുമായി ഇന്ത്യയിലെത്തിയ ശേഷം മടങ്ങി എത്താതിരുന്ന 48 വയസ്സുള്ള, ഇന്ത്യൻ വംശജനായ കപില്‍ സുനകാണ് അറസ്റ്റിലായത്. 2024 ജൂലൈയിലാണ് സുനക് മൂന്ന് വയസ്സുള്ള മകൻ വാലന്റീനോയ്‌ക്കൊപ്പം ഇന്ത്യയിലെത്തിയത്. വാലന്റീനോയുടെ അമ്മ കാമില വിലാസ് ബോവാസിന്‍റെ പരാതിയിൽ 2024 ഓഗസ്റ്റ് 8-ന് കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടെങ്കിലും കപില്‍ കാനഡയിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് കോടതി ഉത്തരവ് മറികടന്ന് കുട്ടിയെ അനധികൃതമായി തട്ടിക്കൊണ്ട് പോയെന്ന വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ ടൊറൻ്റോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചൊവ്വാഴ്ച, ടൊറൻ്റോ പിയേഴ്‌സൺ ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ മടങ്ങിയെത്തിയ കപില്‍ സുനകിനെ കാനഡ ബോർഡർ സർവീസസ് ഏജൻസി അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് 14 വയസ്സിന് താഴെയുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വിവാഹ ബന്ധത്തിലെ വിള്ളലുകളെ തുടര്‍ന്നാണ് കുട്ടിയെ ഇയാള്‍ നാട് കടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ഹാജരാക്കാത്തതിനാല്‍ ഇയാളെ പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

വാലന്റീനോയും കപില്‍ സുനകും പഞ്ചാബിലെ ചണ്ഡീഗഡിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യം കാമില വിലാസ് ബോവാസ് ഇന്ത്യയിൽ എത്തിയിരുന്നു. തുടർന്ന് നീണ്ട നിയമപോരാട്ടത്തിന് ശേഷം, ഏപ്രിൽ 22-ന് ചണ്ഡീഗഡ് ഹൈക്കോടതി വാലന്റീനോയെ കാമില വിലാസ് ബോവാസിന് തിരികെ നൽകാനും കാനഡയിലേക്ക് തിരിച്ച് അയയ്ക്കാനും ഉത്തരവ് കോടതി ഉത്തരവിട്ടു. ഇതേതുടർന്ന് കാമിലയും വാലന്റീനോയും കഴിഞ്ഞ മാസം അവസാനം കാനഡയിലേക്ക് മടങ്ങിയിരുന്നു.