ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനങ്ങൾ. റോഡ്, റെയിൽ, കടൽ യാത്രയുമായി താരതമ്യം ചെയ്യുമ്പോൾ അപകടങ്ങൾ തുലോം തുച്ഛം. എങ്കിലും അപകടം ഉണ്ടായാൽ അതിജീവന സാധ്യത ഒട്ടുമില്ല. ആകാശം വിട്ട് ഭൂമിയിൽ പതിക്കുമ്പോഴേക്കും മരണം സംഭവിച്ചിട്ടുണ്ടാകും. വിമാനാപകടം എന്നുകേട്ടാൽ യാത്രക്കാർ ജീവനോടെ ഇല്ല എന്നാണ് കരുതേണ്ടത്. ഈ ധാരണയെ തിരുത്തിയ അപൂർവ്വം ചില സന്ദർഭങ്ങൾ വിമാന ദുരന്തങ്ങളുടെ ചരിത്രം ചികഞ്ഞാൽ കാണാനാകും. ആകാശക്കുതിപ്പ് അപകടത്തിൽ കലാശിച്ചപ്പോൾ രക്ഷപ്പെട്ട അത്ഭുത മനുഷ്യരെ കുറിച്ചാണ് പറയുന്നത്. അങ്ങനെ ഒരാളെ ഇന്നലെയും കേട്ടു. അഹമദാബാദിൽ നിന്നും ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യയുടെ എഐ 171 വിമാനത്തിൽ എമർജൻസി എക്സിറ്റിന് അരികിൽ ഇരുന്ന വിശ്വാസ് കുമാർ രമേഷ്.

‘ടേക്ക് ഓഫിന് ശേഷം ഒടുവിൽ കേട്ടത് പൈലറ്റിൻ്റെ ഭീതിയോടെയുള്ള ശബ്ദമായിരുന്നു, പിന്നീടൊരു പൊട്ടിത്തെറി. വിമാനമാകെ തീഗോളമായി മാറി. എല്ലാം 30 സെക്കൻ്റ് കൊണ്ട് തീർന്നു. ഏതോ കെട്ടിടത്തിന് മുകളിലേക്ക് ഞാൻ തെറിച്ചുവീണു. ചുറ്റും കത്തിക്കരിഞ്ഞ മൃതദേഹങ്ങളും പുകയും. എഴുന്നേറ്റ് പുറത്തേക്ക് നടന്നു, ആരൊക്കെയോ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു’. രക്ഷപ്പെടലിലെ കുറിച്ച് വിശ്വാസ് കുമാർ രമേഷ് പറഞ്ഞത് ഇങ്ങനെ. കാര്യമായ പരുക്കുകൾ ഒന്നുമില്ല. മുഖത്തും കാലുകളിലും തൊലി അടർന്നിട്ടുണ്ട്. മാനസീകാരോഗ്യം വീണ്ടെടുക്കാൻ സമയമെടുത്തേക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് അതിജീവിച്ച മനുഷ്യന് അതൊക്കെ എളുപ്പം വീണ്ടെടുക്കാം. ഇരുപത് വർഷമായി രമേഷ് കുടുംബസമേതം ലണ്ടനിനാലാണ്. ബന്ധുക്കളെ കാണാൻ നാട്ടിലെത്തി തിരിച്ച് പോവുമ്പോഴായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹോദരൻ മരിച്ചു.
ലോകത്ത് ഇതുവരെയുണ്ടായ വിമാനാപകടങ്ങളിൽ രക്ഷപ്പെട്ട മറ്റ് ചിലരെ കൂടി അറിയാം.
-ജൂലിയൻ കോപ്കെ-
1971 ഡിസംബർ 24ന് പെറുവിലെ ലിമയിൽ സ്ഥിതി ചെയ്യുന്ന ജോർജ് ഷാവേസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പെറുവിലെ തന്നെ പുകാൽപയിലുള്ള കേണൽ ഫ്രാൻസിസ്കോ സെകാഡ വിഗ്നെറ്റ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് ഒരു വിമാനം പുറപ്പെട്ടു (ലാൻസ ഫ്ലൈറ്റ് 508). ആറ് വിമാന ജീവനക്കാർ ഉൾപ്പടെ 92 പേർ ഉണ്ടായിരുന്നു. പതിനായിരം അടി ഉയരത്തിൽ പറന്നുകൊണ്ടിരിക്കെ കനത്ത ഇടിമിന്നലിൽ വിമാനം രണ്ടായി പിളർന്നു. ആമസോൺ കാടുകളിൽ നിലംപതിച്ചു. യാത്രക്കാരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു- സീറ്റ് ബെൽറ്റിൽ കുരുങ്ങിക്കിടന്ന പതിനേഴുകാരി ജൂലിയൻ കോപ്കെ. കഴുത്തെല്ല് പൊട്ടിയ ജൂലിയൻ 11 ദിവസം ആമസോൺ വനാന്തരങ്ങളിൽ അലഞ്ഞുനടന്നു. ജീവ ശാസ്ത്രജ്ഞരായ മാതാപിതാക്കൾ പകർന്ന അറിവ് ഉപയോഗപ്പെടുത്തി ഇത്രയും ദിവസം കാട്ടിൽ അതിജീവിച്ചു. കാടുകയറിയ മരംവെട്ടുകാരാണ് അവശയായ ജൂലിയനെ രക്ഷിച്ചത്. പിന്നീട് ജന്തുശാസ്ത്രജ്ഞയായ ജൂലിയൻ കോപ്കെ When I Fell from the Sky എന്ന പേരിൽ വിമാനാപകടത്തെ കുറിച്ച് പുസ്തകം രചിച്ചു.

-വെസ്ന വുളോവിച്ച്-
ചെറു വിമാനമായ JAT യുഗോസ്ലാവ് എയർലൈൻസ് ഫ്ലൈറ്റ് 367, 1972 ജനുവരി 26ന് സ്വീഡനിലെ സ്റ്റോക്ക്ഹോം എർലാൻ്റ എയർപോർട്ടിൽ നിന്ന് യാത്ര പുറപ്പെട്ടു. ഡെൻമാർക്കിലെ കോപൻഹേഗ് വിമാനത്താവളത്തിൽ ഇറങ്ങി യാത്രക്കാരെ കയറ്റി. ക്രൂ അംഗമായ വെസ്ന വുളോവിച്ചും അവർക്കൊപ്പം ഉണ്ടായിരുന്നു. വിമാനത്തിൻ്റെ ലക്ഷ്യസ്ഥാനം യൂഗോസ്ലേവിയയിലെ തന്നെ ബെൽഗ്രേഡ് എയർപോർട്ട്. മുപ്പത്തിമൂവായിരം അടി ഉയരത്തിൽ പറക്കെ വിമാനത്തിനകത്ത് ബോംബ് പൊട്ടി. ഭീകരവാദി ആക്രമണം ആയിരുന്നു. വിമാന അവശിഷ്ടങ്ങൾക്കൊപ്പം വെസ്ന വീണത് മഞ്ഞ് നിറഞ്ഞ പ്രദേശത്തായിരുന്നു. കുറച്ച് ദിവസം കോമയിൽ കിടന്നു. കാലുകൾ പൊട്ടുകയും നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ വെസ്നയ്ക്ക് എയർലൈൻസ്, ഓഫീസിൽ ജോലി നൽകി. പിന്നീട് യൂഗോസ്ലേവ്യൻ രാഷ്ട്രീയത്തിലും സജീവമായി. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലും വെസ്ന വുളോവിച്ച് ഇടംനേടി. പാരച്യൂട്ട് പോലുമില്ലാതെ 10,160 മീറ്റർ ഉയരത്തിൽ നിന്നാണ് ആ ഇരുപത്തിരണ്ടുകാരി താഴെ വീണതെന്ന് ഓർക്കണം!. 2016ൽ അറുപത്തിയാറാം വയസിലാണ് വെസ്ന മരിച്ചത്.

-സിസിലിയ സിച്ചാൻ-
1983 ആഗസ്റ്റ് 16, യുഎസിലെ ദെട്രോയിറ്റ് മെട്രോപൊളിറ്റൻ എയർപോർട്ടിൽ നിന്ന് ഫീനിക്സിലേക്ക് 154 യാത്രക്കാരുമായി നോർത്ത് വെസ്റ്റ് എയർലൈൻസ് ഫ്ലൈറ്റ് 255 പറന്നുയർന്നു. ടേക്ക് ഓഫിനിടെ വിമാനം തകർന്നു വീണു. ഒരു നാല് വയസുകാരി ഒഴികെ എല്ലാവരും തൽക്ഷണം മരിച്ചു. അമേരിക്കക്കാരി കുഞ്ഞു സിച്ചാൻ അൽപം അകലെ ഇരിപ്പിടത്തോടെ തെറിച്ചുവീണു. തലയ്ക്ക് പരുക്കേൽക്കുകയും കാലുകൾ പൊട്ടുകയും ചെയ്തിരുന്നു. അവളുടെ അച്ഛനും അമ്മയും സഹോദരനും അപകടത്തിൽ മരിച്ചു. പിന്നീട് അമ്മാവൻ എടുത്തുവളർത്തി. ഏറെ കാലം സിസിലിയ സിച്ചാനെ കുറിച്ച് വിവരമൊന്നും ഉണ്ടായില്ല. 2013ൽ Sole Survivor എന്ന പേരിൽ സിച്ചാൻ്റെ ജീവിതം ഒരു ഡോക്യുമെൻ്ററിയായി പുറത്തിറങ്ങി. അപ്പോൾ അവളുടെ കയ്യിൽ, അപകടത്തിൻ്റെ ഓർമ്മക്കായി ഒരു വിമാനത്തിൻ്റെ ചിത്രം പച്ച കുത്തിയിരുന്നു.

-ബഹിയ ബക്കരി-
യെമനിയ ഫ്ലൈറ്റ് 626 ഇന്ത്യൻ മഹാസമുദ്രത്തിൽ കോമറോസ് ദ്വീപിന് അടുത്ത് തകർന്നുവീണു. 2009 ജൂൺ 30നായിരുന്നു അപകടം. പാരീസിൽ നിന്ന് മൊറോണിയിലേക്ക് തിരിച്ച വിമാനം യന്ത്രത്തകരാറിനെ തുടർന്നാണ് കടലിൽ പതിച്ചത്. യാത്രക്കാരിൽ 152 പേരും മരിച്ചു. വിമാന അവശിഷ്ടങ്ങളിൽ 9 മണിക്കൂറോളം പിടിച്ചിരുന്ന ഒരു പന്ത്രണ്ടുകാരിയെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു. ഫ്രഞ്ചുകാരിയായ ബഹിയ ബക്കരി ആയിരുന്നു അത്. അവൾക്ക് നീന്തൽ അറിയില്ലായിരുന്നു. ലൈഫ് ജാക്കറ്റും ഉണ്ടായിരുന്നില്ല. നിസാരമായ പരുക്കുകൾ പറ്റിയിരുന്നു. ലോകം അവളെ മിറാക്കിൾ ഗേൾ എന്ന് വിളിച്ചു. പിന്നീട് I, Bahia, the miracle girl എന്ന പേരിൽ ബഹിയ പുസ്തകവും രചിച്ചു.
