ഓട്ടവ : കാനഡയുടെ ചില പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. ഒൻ്റാരിയോ, കെബെക്ക്, അറ്റ്ലാൻ്റിക് തീരം എന്നിവിടങ്ങളിൽ വാരാന്ത്യം മുഴുവൻ തണുത്ത താപനില നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്ചയോ ശനിയാഴ്ച രാവിലെയോ താപനില പൂജ്യത്തിനടുത്ത് താഴാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാം. ലേക്ക് നിപിഗൺ പ്രദേശം മുതൽ കിഴക്ക് കെബെക്ക് അതിർത്തി വരെയുള്ള വടക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിലും, മധ്യ കെബെക്കിലെ വാൽ-ഡി’ഓർ, ലാ ടുക്ക് പ്രദേശങ്ങളിലും, പടിഞ്ഞാറൻ, മധ്യ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകും.

അതേസമയം, ആൽബർട്ടയിൽ കാട്ടുതീ പുക മൂലമുളള വായു ഗുണനിലവാര പ്രശ്നങ്ങൾ മഴ മൂലം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, പടിഞ്ഞാറൻ കാനഡയുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും വായുമലിനമായിരിക്കും. ബ്രിട്ടിഷ് കൊളംബിയ അതിർത്തിയിൽ റെയിൻബോ ലേക്സ് മേഖലയിലും ആൽബർട്ടയിലെ ഹൈ പ്രൈറി, ഗ്രാൻഡ് പ്രൈറീസ് എന്നിവയുടെ വടക്ക് ഭാഗങ്ങളിലും വായു ഗുണനിലവാര മുന്നറിയിപ്പ് നിലവിലുണ്ട്.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.

സസ്കാച്വാനിലെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ ശനിയാഴ്ച ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാസ്കറ്റൂൺ, റെജൈന, പ്രിൻസ് ആൽബർട്ട്, ഹംബോൾട്ട്, മൂസ് ജാ എന്നിവയുൾപ്പെടെ പ്രവിശ്യയിലെ തെക്കൻ മുനിസിപ്പാലിറ്റികളിൽ മിക്കതിലും ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.