ടൊറൻ്റോ : ബ്ലോർ വയഡക്ടിൽ ഇലക്ട്രിക് സ്കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇലക്ട്രിക് സ്കൂട്ടർ മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നും മറ്റ് വാഹനങ്ങളോ സൈക്കിൾ യാത്രക്കാരോ അവിടെ ഉണ്ടായിരുന്നില്ലെന്നും ടൊറൻ്റോ പൊലീസ് അറിയിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 50 വയസ്സുള്ള വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അതേസമയം ഇ-സ്കൂട്ടർ ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.