കെബെക്ക് സിറ്റി : കെബെക്ക് ലിബറൽ പാർട്ടി പ്രവിശ്യാ തലസ്ഥാനത്ത് ഇന്ന് നടക്കുന്ന കൺവെൻഷനിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. പാർട്ടിയുടെ ഏകദേശം 20,000 അംഗങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ ലീഡറെ ഇന്ന് ഉച്ചകഴിഞ്ഞ് കെബെക്ക് സിറ്റിയിൽ പ്രഖ്യാപിക്കും. പാർട്ടി നേതൃത്വത്തിലേക്ക് അഞ്ച് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുൻ ഫെഡറൽ മന്ത്രിയായ പാബ്ലോ റോഡ്രിഗസ്, കെബെക്ക് എംപ്ലോയേഴ്സ് ഗ്രൂപ്പ് മുൻ പ്രസിഡൻ്റ് കാൾ ബ്ലാക്ക്ബേൺ, ഫെഡറേഷൻ ഓഫ് കെബെക്ക് ചേംബർസ് ഓഫ് കൊമേഴ്‌സ് മുൻ തലവൻ ചാൾസ് മില്ലിയാർഡ് എന്നിവരാണ് മുൻനിരയിലുള്ളത്. എന്നാൽ, ഇവരിലാർക്കും നിലവിൽ പ്രവിശ്യാ നിയമസഭയിൽ സ്ഥാനമില്ല.

2018, 2022 പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പാർട്ടി പുതിയ നേതൃത്വത്തിന് കീഴിൽ ഒരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ മൺട്രിയോളിന് പുറത്തുള്ള ഫ്രാങ്കോഫോൺ വോട്ടർമാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ലിബറൽ പാർട്ടി ശ്രമം ആരംഭിച്ചിട്ടുണ്ട്.