ടൊറൻ്റോ : വാഹനമോഷണ സംഘത്തെ പിടികൂടുന്നതിന്റെ ഭാഗമായി ഗാർഡിനർ എക്സ്പ്രസ് വേയുടെ ഒരു ഭാഗം അടച്ചതായി ടൊറൻ്റോ പൊലീസ്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഡോൺ മിൽസ് പ്രദേശത്ത് നടന്ന വാഹനമോഷണത്തിലെ പ്രതികൾ ഓടിച്ചിരുന്ന രണ്ടു വാഹനങ്ങൾ തടയാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബിഎംഡബ്ല്യു എം5, റോൾസ് റോയ്സ് എന്നീ വാഹനങ്ങളിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നതെന്നും ജാർവിസ് സ്ട്രീറ്റിന് സമീപമുള്ള കിഴക്കോട്ടുള്ള ഗാർഡിനർ എക്സ്പ്രസ് വേയിൽ വെച്ച് പ്രതികളെ പിടികൂടാൻ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.

വാഹനമോഷ്ടാക്കളെ പിടികൂടുന്നതിനിടെ ഒരു പ്രതി ബിഎംഡബ്ല്യുവിൽ നിന്ന് പുറത്തിറങ്ങി എക്സ്പ്രസ് വേയിൽ നിന്ന് ചാടി പാർലമെൻ്റ് സ്ട്രീറ്റിനടുത്തുള്ള ലേക്ക് ഷോർ ബൊളിവാർഡിൽ എത്തി. വീഴ്ചയിൽ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ റോൾസ് റോയ്സിൽ രക്ഷപ്പെട്ടു. അതേസമയം മോഷ്ടിച്ച ബിഎംഡബ്ല്യു കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

നിരവധി പൊലീസ് ക്രൂയിസറുകൾ ഇടിച്ച് തെറിപ്പിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. എന്നാൽ, ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പാർലമെൻ്റ് സ്ട്രീറ്റിൽ ലേക്ക് ഷോർ ബൊളിവാർഡിന്റെ പടിഞ്ഞാറോട്ടുള്ള റോഡുകൾ അടച്ചിട്ടുണ്ട്. കൂടാതെ റിച്ച്മണ്ട് സ്ട്രീറ്റിൽ ഡിവിപിയുടെ തെക്കോട്ടുള്ള റോഡുകളും അടച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് (എസ്ഐയു) അന്വേഷണം ആരംഭിച്ചു.