മൺട്രിയോൾ : നഗരത്തിലെ ലാസാലെ ബറോയിൽ നിന്ന് മൂന്ന് വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപേക്ഷിച്ചതിനാണ് അമ്മക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് കെബെക്ക് പ്രവിശ്യാ പൊലീസ് (SQ) വക്താവായ ജീൻ-റാഫേൽ ഡ്രോലെറ്റ് വിശദീകരിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ലാസാലെയിലെ ന്യൂമാൻ ബൊളിവാർഡിന് സമീപത്ത് നിന്നാണ് മൂന്ന് വയസ്സുള്ള ക്ലെയർ ബെല്ലിനെ കാണാതായത്.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കാണാതായ കുട്ടിയെക്കുറിച്ച് അമ്മ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ക്ലെയറിനെ കണ്ടെത്താൻ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഗ്രൗണ്ട് സെർച്ച് ക്രൂകൾ എന്നിവ ഉപയോഗിച്ച് എസ്ക്യു അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ, വെസ്റ്റേൺ മൺട്രിയോളിലെ വോഡ്രൂയിൽ-ഡോറിയണിലെ ഹൈവേ 30-ന് സമീപത്ത് നിന്നും ക്ലെയർ ബെല്ലിന്റെ നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തവിട്ടുനിറത്തിലുള്ള നീണ്ട മുടിയുള്ള ചിവാവ ബ്രീഡ് നായ ക്ലെയർ ബെല്ലിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വോഡ്രൂയിൽ മേഖലയിൽ കുട്ടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

0.90 മീറ്റർ (3 അടി) ഉയരവും 16 കിലോഗ്രാം (35 പൗണ്ട്) ഭാരവുമുള്ള ക്ലെയറിനെ അവസാനമായി കാണുമ്പോൾ പിങ്ക് കോളറും ചാരനിറത്തിലുള്ള പാന്റും ഷൂസും വെളുത്ത നീളൻ കൈയുള്ള ഷർട്ടും ധരിച്ചിരുന്നു. ക്ലെയർ ബെല്ലിനെ കണ്ടെത്തുന്നവർ 911 എന്ന നമ്പറിലോ 1-800-659-4264 എന്ന നമ്പറിലോ എസ്ക്യു ക്രിമിനൽ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.