Monday, August 18, 2025

മോദി ജി7 ഉച്ചകോടിയിലേക്ക്: പ്രതിഷേധം തുടർന്ന് സിഖ് സംഘടന

കാൽഗറി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം തുടരുമെന്ന് സിഖ് സംഘടന. മോദിക്കെതിരെ സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന അഭിഭാഷക സംഘടന തിങ്കളാഴ്ചയും കാൽഗറിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കൈകൾ ബന്ധിച്ച്, ജയിലിലെ വസ്ത്രം ധരിച്ച മോദിയുടെ പോസ്റ്ററുകൾ ഉയർത്തിയാണ് കാൽഗറി നഗരമധ്യത്തിൽ സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രതിഷേധം സംഘടിപ്പിച്ചത്. മറ്റൊരു മോദിയുടെ പോസ്റ്ററിൽ ചെരുപ്പ് മാലകൾ തൂക്കിയിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രി മാർക്ക് കാർണി മോദിയെ ജി7 സമ്മേളനത്തിൽ അതിഥിയായി ക്ഷണിച്ചതുമുതൽ പ്രതിഷേധം ഉയർന്നിരുന്നു. ഫെഡറൽ എൻഡിപിയും കാർണിയുടെ കോക്കസിലെ ചില അംഗങ്ങളും ക്ഷണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

2023-ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ കാനഡ-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിജ്ജാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പരിസ്ഥിതി പ്രവർത്തകർ, ഇസ്രയേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തിലും യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിലും അസ്വസ്ഥരായവർ എന്നിവരുൾപ്പെടെ നിരവധി സംഘടനകൾ കാൽഗറിയിലും ബാൻഫിലും പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!