ഓട്ടവ : ലിബറൽ സർക്കാരിന്റെ ആദായനികുതി ഇളവിലൂടെ അടുത്ത വർഷം ഒരു കനേഡിയൻ കുടുംബത്തിന് അവരുടെ നികുതിയിൽ 280 ഡോളർ ലാഭിക്കാനാകുമെന്ന് പാർലമെന്ററി ബജറ്റ് ഓഫീസർ. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു താഴ്ന്ന വരുമാനക്കാർക്കുള്ള നികുതി ഇളവ്.

ഇരട്ട വരുമാനമുള്ള കുടുംബത്തിന് 825 ഡോളർ വരെ ലാഭിക്കാനാകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ആദായനികുതി ഇളവ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. എന്നാൽ, അത്രയും തുക തിരികെ ലഭിക്കാൻ സാധ്യതയിലെന്ന് പാർലമെന്ററി ബജറ്റ് ഓഫീസർ പറയുന്നു. ജൂലൈ 1 മുതൽ നികുതി ഇളവ് പ്രാബല്യത്തിൽ വരുത്തുക എന്ന ലക്ഷ്യത്തോടെ ലിബറൽ സർക്കാർ കഴിഞ്ഞ മാസം പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ മാറ്റം നടപ്പിലാക്കുന്നതിനുള്ള നിയമനിർമ്മാണം ഇപ്പോഴും പാർലമെൻ്റിൽ നടക്കുന്നതേയുള്ളൂ.