ടൊറൻ്റോ : വ്യാഴാഴ്ച രാവിലെ മുതൽ തെക്കൻ ഒൻ്റാരിയോയിലെ ചില പ്രദേശങ്ങളിൽ 110 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. കിച്ചനർ, സെൻ്റ് കാതറിൻസ്, ബ്രാൻഫ്ടോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ ഗ്രേറ്റർ ടൊറൻ്റോ കമ്മ്യൂണിറ്റികളിൽ വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും മഴയ്ക്ക് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ 75 മില്ലിമീറ്റർ മുതൽ 110 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലണ്ടൻ ഒൻ്റാരിയോയിലും ചാത്തം-കെൻ്റ്, ബ്രൂസ് പെനിൻസുല പ്രദേശത്തും ശക്തമായ ഇടിമിന്നലിനും 60 മില്ലിമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്.

കനത്ത മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കാനും കാരണമാകുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. നദികൾ, അരുവികൾ, കൽവെർട്ടുകൾ എന്നിവയ്ക്ക് സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ദൃശ്യപരത കുറയുന്നതിനാൽ ഡ്രൈവർമാർ വേഗം കുറച്ച് മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിച്ച് വാഹനമോടിക്കണം, മുന്നറിയിപ്പിൽ പറയുന്നു.