ഓട്ടവ : ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് രാജ്യത്തുടനീളമുള്ള പാഴ്‌സല്‍ വിതരണം അവസാനിപ്പിക്കാനൊരുങ്ങി ഡിഎച്ച്എല്‍ എക്‌സ്പ്രസ് കാനഡ. പകരം തൊഴിലാളികളെ നിരോധിക്കുന്ന നിയമനിർമ്മാണം ജൂൺ 20-ന് പ്രാബല്യത്തിൽ വരാനിരിക്കെയാണ് കമ്പനിയുടെ നീക്കം. ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിഫോറും കമ്പനിയും തമ്മിലുള്ള ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജൂൺ 20 വെള്ളിയാഴ്ച മുതല്‍ പാഴ്‌സല്‍ വിതരണം നിർത്തുമെന്ന് ഡിഎച്ച്എൽ വക്താവ് പമേല ഡ്യൂക്ക് റായ് അറിയിച്ചു.

യൂണിയൻ തൊഴിലാളികൾക്ക് പകരം താൽക്കാലിക തൊഴിലാളികളെ നിയമിക്കാനുള്ള ഡിഎച്ച്എൽ കാനഡ എക്സ്പ്രസിന്‍റെ തീരുമാനത്തെ തുടർന്ന് 2,100 ഡിഎച്ച്എൽ ട്രക്ക് ഡ്രൈവർമാർ, കൊറിയർമാർ, വെയർഹൗസ്, കോൾ സെന്‍റർ ജീവനക്കാർ എന്നിവർ പണിമുടക്കിലാണ്. പണിമുടക്ക് പാഴ്‌സല്‍ വിപണിയെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ വിദേശത്ത് നിന്ന് കാനഡയിലേക്കുള്ള പാക്കേജുകള്‍ സ്വീകരിക്കുന്നത് നിർത്തിയതായും പമേല ഡ്യൂക്ക് റായ് പറഞ്ഞു. യൂണിഫോറുമായുള്ള ചര്‍ച്ച മുടങ്ങിയതും വ്യാവസായിക സമരങ്ങളില്‍ പകരക്കാരെ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്‍ സി-58 എന്നറിയപ്പെടുന്ന നിയമനിര്‍മാണവും കാരണമാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.