വൻകൂവർ : ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡൗൺടൗൺ ഈസ്റ്റ്സൈഡിൽ (DTES) രണ്ട് പുതിയ ഇൻഡോർ സൂപ്പർവൈസ്ഡ് ലഹരി ഇൻഹലേഷൻ സൈറ്റുകൾക്ക് അനുമതി നൽകി വൻകൂവർ സിറ്റി കൗൺസിൽ. വിഷാംശമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർധിച്ചതോടെ ഇത്തരം കേന്ദ്രങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ സൈറ്റുകൾ, പുകവലിക്കുന്നവർക്ക് നിയന്ത്രണവിധേയമായ ഉപയോഗത്തിനുള്ള സൗകര്യം ഒരുക്കും. ബിസി സെൻ്റർ ഫോർ എക്സലൻസ് ഇൻ എച്ച്ഐവി/എയ്ഡ്സിൻ്റെ ഹോപ്പ് ടു ഹെൽത്ത് ക്ലിനിക്കിനും, വൻകൂവർ കോസ്റ്റൽ ഹെൽത്തിൻ്റെ പൈലറ്റ് സൈറ്റിനും പ്രവർത്തനാനുമതി നൽകുന്നതിനുള്ള അവസാന നിയമ തടസ്സങ്ങളിൽ ഒന്ന് നീങ്ങിയത് കഴിഞ്ഞ ചൊവ്വാഴ്ച പാസാക്കിയ ഭേദഗതിയോടെയാണ്.

ഇൻജക്ഷൻ ഉപയോഗത്തിൽ നിന്ന് പലരും, ഫെന്റനൈൽ പോലുള്ളവ പുകവലിക്കുന്നതിലേക്ക് മാറിയ സാഹചര്യത്തിൽ ഇത് സ്വാഗതാർഹമായ തീരുമാനമാണെന്ന് SFU-ലെ പബ്ലിക് പോളിസി പ്രൊഫസർ കോറ ഡെബെക്ക് പറഞ്ഞു. നിലവിൽ വൻകൂവറിൽ അഞ്ച് ഇൻഹലേഷൻ സൈറ്റുകളുണ്ടെങ്കിലും, അവയിൽ മിക്കതും ഔട്ട്ഡോറാണ്. എന്നാൽ, പുതിയ ആറ് ഇൻഡോർ ഇൻഹലേഷൻ ബൂത്തുകൾ, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയും, അമിത അളവിലുള്ള ഉപയോഗം തടയുന്നതിന് സഹായിക്കുകയും ചെയ്യും.

ഇത്തരം നടപടികൾ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. 2016 മുതൽ ലഹരിയുടെ അമിത ഉപയോഗം കാരണം കാനഡയിൽ പതിനാറായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നിലൊന്നും വൻകൂവറിലാണ്.