ഓട്ടവ : മാർക്ക് കാർണി സർക്കാരിന്റെ സുപ്രധാന പദ്ധതികളും ആഭ്യന്തര വ്യാപാരവും സംബന്ധിച്ച ബില്ലിന്മേൽ (സി-5) നടന്ന വോട്ടെടുപ്പിൽ കൈകോർത്ത് ലിബറൽ, കൺസർവേറ്റീവ് പാർലമെൻ്റ് അംഗങ്ങൾ. വ്യാവസായിക പദ്ധതികളായ ഖനികൾ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ എന്നിവയ്ക്ക് ഫെഡറൽ അംഗീകാരം വേഗത്തിൽ നേടാൻ മന്ത്രിസഭയെ അനുവദിക്കുന്നതാണ് ലിബറൽ സർക്കാരിന്റെ ഈ ബിൽ. ജൂൺ 27-നകം സെനറ്റിൽ ബിൽ സി-5 പാസ്സാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമനിർമ്മാണത്തിന് വ്യക്തമായ ഒരു പൊതു ഘടകമില്ലാതെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുണ്ടെന്ന് ഹൗസ് സ്പീക്കർ വിധിച്ചതിനെത്തുടർന്ന് ഒന്നിന് പകരം രണ്ട് വോട്ടുകൾ നടന്നു. ലിബറൽ, കൺസർവേറ്റീവ് പാർലമെൻ്റ് അംഗങ്ങൾ രണ്ടു വോട്ടിങ്ങിലും ഒരുമിച്ചു നിന്നപ്പോൾ ബ്ലോക്ക് കെബെക്ക്വ, എൻഡിപി അംഗങ്ങൾ ആഭ്യന്തര വ്യാപാര തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന ബില്ലിന്റെ ആദ്യ ഭാഗത്തെ അനുകൂലിച്ചു. എന്നാൽ, പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവാദപരമായ രണ്ടാം ഭാഗത്തിനെതിരെയായി ഇരുപാർട്ടികളും വോട്ടു ചെയ്തു.

അന്തർപ്രവിശ്യ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, പ്രധാന പദ്ധതികൾ നടപ്പിലാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലിബറലുകൾ നിയമനിർമാണം അവതരിപ്പിച്ചത്. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം അവസാനിപ്പിക്കുന്നതിന് മുൻപ് ബിൽ നിയമമാക്കാനാണ് കാർണി സർക്കാരിന്റെ ശ്രമം.