ഓട്ടവ : ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് രാജ്യത്തുടനീളമുള്ള പാഴ്സല്‍ വിതരണം അവസാനിപ്പിച്ച് ഡിഎച്ച്എല്‍ എക്സ്പ്രസ് കാനഡ. യൂണിഫോറുമായുള്ള ചര്‍ച്ച മുടങ്ങിയതും വ്യാവസായിക സമരങ്ങളില്‍ പകരക്കാരെ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്‍ സി-5 എന്നറിയപ്പെടുന്ന നിയമനിര്‍മാണവും കാരണമാണ് പാഴ്സല്‍ വിതരണം നിർത്തുവെക്കുന്നതെന്ന് ഡിഎച്ച്എൽ വക്താവ് പമേല ഡ്യൂക്ക് റായ് അറിയിച്ചു.

യൂണിയൻ തൊഴിലാളികൾക്ക് പകരം താൽക്കാലിക തൊഴിലാളികളെ നിയമിക്കാനുള്ള ഡിഎച്ച്എൽ കാനഡ എക്സ്പ്രസിന്റെ തീരുമാനത്തെ തുടർന്ന് 2,100 ഡിഎച്ച്എൽ ട്രക്ക് ഡ്രൈവർമാർ, കൊറിയർമാർ, വെയർഹൗസ്, കോൾ സെന്റർ ജീവനക്കാർ ദിവസങ്ങളായി പണിമുടക്കിലാണ്. ലുലുലെമൺ, ഷെയിൻ, സീമെൻസ് എന്നിവരുൾപ്പെടെ കാനഡയിൽ 50,000 ഉപയോക്താക്കളുള്ള ജർമ്മൻ ഉടമസ്ഥതയിലുള്ള കൊറിയർ കമ്പനി, പണിമുടക്കിന്റെ ആദ്യദിവസങ്ങളിൽ പാഴ്സല്‍ വിതരണം തുടർന്നിരുന്നു. അതിനിടെ ഇരുപക്ഷവും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ബുധനാഴ്ച ഇരുവിഭാഗവുമായി ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു.