Monday, August 18, 2025

ഉഷ്ണതരംഗം മൺട്രിയോളിലേക്കുള്ള യാത്രയിൽ: മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം

മൺട്രിയോൾ : മൺട്രിയോൾ നിവാസികൾ സുഖകരമായ വിശ്രമത്തിനും ഉറക്കത്തിനുമായി എയർ കണ്ടീഷനർ ഓണക്കാൻ തയ്യാറെടുക്കുക. വരുംദിവസങ്ങളിൽ നഗരം കൊടുംചൂടിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം നഗരത്തിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിച്ചതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ചു വർഷത്തേക്കാൾ ഈ വർഷം കടുത്ത ചൂടായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

ഞായറാഴ്ച മുതൽ ഉഷ്ണതരംഗം ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തിങ്കളാഴ്ച പകൽസമയത്ത് ചൂട് 32 ഡിഗ്രി സെൽഷ്യസായി ഉയരും. എന്നാൽ, ഈർപ്പവും കൂടി ചേരുമ്പോൾ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. രാത്രിയിൽ, പകൽ സമയത്തേക്കാൾ ചൂട് കുറഞ്ഞിരിക്കും. രാത്രി താപനില 25 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. ചൊവ്വാഴ്ച കൂടുതൽ സൂര്യപ്രകാശവും 33 ഡിഗ്രി വരെ ഉയർന്ന താപനിലയും ഈർപ്പത്തിനൊപ്പം 44 ഡിഗ്രി വരെ അനുഭവപ്പെടുന്ന മറ്റൊരു ചൂടുള്ള ദിവസവും പ്രതീക്ഷിക്കുന്നു. വൈകുന്നേരത്തോടെ, ന്യൂനമർദ്ദത്തെ തുടർന്ന് പെയ്യുന്ന മഴ ചൂടിൽ നിന്നും കുറച്ച് ആശ്വാസം നൽകും. അതേസമയം ബുധനാഴ്ച, പകൽ സമയത്ത് 27 ഡിഗ്രി വരെ താപനില കുറയും. വ്യാഴാഴ്‌ച ഒരു കുട കൈവശം വെയ്ക്കുന്നത് ഉപയോഗപ്രദമാകും. മഴയ്ക്കുള്ള സാധ്യത 60 ശതമാനമാണ്. ഉയർന്ന താപനില 24 ഡിഗ്രിയായിരിക്കും.

കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനു വരെയും കാരണമായേക്കാവുന്നതിനാൽ ഉഷ്ണതരംഗ സമയത്ത് ജനങ്ങൾ കനത്ത ചൂടിനെതിരെ മുൻകരുതലുകൾ എടുക്കണമെന്ന് കെബെക്ക് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. വീക്കം, ചുണങ്ങു, മലബന്ധം, ബോധക്ഷയം, കടുത്ത ക്ഷീണം, സ്ട്രോക്ക്, ചില ആരോഗ്യ പ്രശ്നങ്ങൾ വഷളാകൽ എന്നിവ ഉഷ്ണതരംഗ രോഗങ്ങളുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഉഷ്ണതരംഗത്തെ മറികടക്കാൻ ധാരാളം വെള്ളം കുടിക്കുക, മദ്യം അല്ലെങ്കിൽ കഫീൻ ഒഴിവാക്കുക, എയർ കണ്ടീഷൻ ചെയ്തതോ തണുത്തതോ ആയ സ്ഥലത്ത് ദിവസത്തിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ചെലവഴിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!