റെജൈന : സസ്കാച്വാന്റെ ചില ഭാഗങ്ങളിൽ വാരാന്ത്യത്തിൽ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ശനിയാഴ്ച രാത്രിയോടെ ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഴ ശനിയാഴ്ച രാവിലെ ശക്തി പ്രാപിക്കും. ശനിയാഴ്ച പകൽ സമയത്ത് കനത്ത മഴ തുടരുമെങ്കിലും വൈകുന്നേരത്തോടെ അതിന്റെ അളവ് കുറയുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. കനത്ത മഴ കാരണം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കിൻഡേഴ്സ്ലി, എസ്റ്റൺ, റോസ്ടൗൺ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

കനത്ത മഴ പെയ്യുന്നതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും സാധ്യതയുണ്ടെന്ന് ECCC മുന്നറിയിപ്പ് നൽകി. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. കനത്ത മഴ തെക്കൻ സസ്കാച്വാൻ നദിയിലും, ഡൈഫെൻബേക്കർ തടാകത്തിനും പടിഞ്ഞാറൻ അതിർത്തിക്കും ഇടയിലുള്ള മറ്റ് ജലാശയങ്ങളിലും ഒഴുക്ക് വർധിക്കാൻ സാധ്യതയുണ്ടെന്ന് ജല സുരക്ഷാ ഏജൻസി (WSA) പറഞ്ഞു. ജലനിരപ്പ് അതിവേഗം മാറുന്നതിനാൽ തടാകങ്ങൾക്കും നദികൾക്കും സമീപം ജാഗ്രത പാലിക്കണം.